തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സംവരണ സീറ്റുകൾ നറുക്കെടുക്കുന്നതിനുള്ള പൊതുമാനദണ്ഡം പ്രഖ്യാപിച്ചു. ഇത്തവണ കാര്യങ്ങൾ മാറിമറിയാൻ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടു തവണ തുടർച്ചയായി ജനറൽ അല്ലെങ്കിൽ സംവരണ വാർഡുകളായിരുന്ന വാർഡുകൾ ഒഴികെ, ബാക്കിയുള്ള മുഴുവൻ വാർഡുകളും നറുക്കെടുപ്പിന് വിധേയമാക്കും.
പുതിയ മാനദണ്ഡമനുസരിച്ച്, കഴിഞ്ഞ രണ്ടു തവണ സംവരണ വാർഡായിരുന്ന വാർഡുകൾ ഇത്തവണ ജനറൽ വാർഡാകും. അതുപോലെ, കഴിഞ്ഞ രണ്ടു തവണ ജനറൽ വാർഡായിരുന്ന വാർഡുകൾ സംവരണ വാർഡുകളാകും. ഈ രണ്ടു വിഭാഗങ്ങളിൽപ്പെടാത്ത എല്ലാ വാർഡുകളും നറുക്കെടുപ്പിലൂടെയാണ് സംവരണം തീരുമാനിക്കുക.
സാധാരണയായി, ഒരു തവണ വനിതാ വാർഡായിരുന്നാൽ അടുത്ത തവണ അത് ജനറൽ വാർഡ് ആയി മാറ്റിവയ്ക്കാറുണ്ട്. എന്നാൽ പുതിയ രീതി വന്നതോടെ, ഇത്തവണ ആ പതിവ് തെറ്റും.
സെപ്റ്റംബർ മാസത്തിൽ ജില്ലാ കളക്ടറേറ്റുകളിൽ വെച്ച് നറുക്കെടുപ്പ് നടക്കും. നവംബർ – ഡിസംബർ മാസങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. സംവരണ വാർഡുകൾ ഏതൊക്കെയാകും എന്നറിയാൻ സെപ്റ്റംബർ വരെ കാത്തിരിക്കാം.