ഇതു നല്ല രീതിയിൽ അവസാനിക്കില്ല ; താരിഫ് തർക്കത്തിനിടെ ഇന്ത്യക്കു മുന്നറിയിപ്പു നൽകി വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ്

At Malayalam
1 Min Read

അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളിൽ ഇന്ത്യയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്‍റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. വ്യാപാരബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തയ്യാറായി തിരിച്ചുവരണം. അല്ലെങ്കിൽ ഭയാനകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും പീറ്റർ നവാരോയുടെ മുന്നറിയിപ്പ്.

റിയൽ അമേരിക്കാസ് വോയ്‌സ് എന്ന ഷോയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയ്ക്കുനേരെയുള്ള പീറ്റർ നവാരോയുടെ ഭീഷണി. ഇന്ത്യൻ സർക്കാർ തന്നോട് നീരസം കാണിക്കുന്നുവെന്നാരോപിച്ച നവാരോ ഇന്ത്യയെ താരിഫ് മഹാരാജ എന്നും വിശേഷിപ്പിച്ചു. റഷ്യയുമായുള്ള വർധിച്ചുവരുന്ന ഊർജ്ജ ബന്ധം ഇന്ത്യയ്ക്കു നല്ലതിനല്ല. റഷ്യ യുക്രെയ്നെ ആക്രമിക്കുന്നതിനു മുമ്പ് ഇന്ത്യ ഒരിക്കലും, റഷ്യൻ എണ്ണ വാങ്ങിയിട്ടില്ല. എന്നാൽ ഇപ്പോൾ ഇന്ത്യ വിലകുറഞ്ഞ റഷ്യൻ ക്രൂഡില്‍ നിന്ന് ലാഭം കൊയ്യുകയാണ് എന്നും നവാരോ ആരോപിച്ചു. വ്യാപാരസംഘര്‍ഷങ്ങള്‍ക്കു വേണ്ടി അമേരിക്കൻ നികുതിദായകർ കൂടുതൽ പണം നല്‍കേണ്ടി വരുന്നതായും വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് അവകാശപ്പെട്ടു.

യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ തുടങ്ങിയ സഖ്യകക്ഷി രാജ്യങ്ങള്‍ പുതിയ വ്യാപാരകരാറുകളുണ്ടാക്കി വാഷ്ങ്ടണുമായി കൂടുതല്‍ അടുത്തു. ഇന്ത്യയ്ക്കും അതുതന്നെ ചെയ്യേണ്ടിവരും. അതിന് തയ്യാറാകാതെ റഷ്യയ്ക്കും ചൈനയ്ക്കുമൊപ്പം പോകുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നല്ലതാവില്ല. ഇന്ത്യയുടെ ഊർജ ഇറക്കുമതിയെ ആഗോള സുരക്ഷയുമായും നവാരോ ബന്ധപ്പെടുത്തി. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തണം. സമാധാനത്തിലേക്കുള്ള പാത ഭാഗികമായി ന്യൂഡൽഹിയിലൂടെ കടന്നുപോകുന്നു എന്നും പീറ്റര്‍ നവാരോ കൂട്ടിച്ചേര്‍ത്തു.

എന്നാൽ നവാരോയുടെ രോഷം ഇന്ത്യയ്ക്കുനേരെ മാത്രം ഒതുങ്ങിയില്ല. ബ്രിക്സ് രാജ്യങ്ങള്‍ക്കെതിരെയും ഉയര്‍ന്നു നവാരോയടെ രോഷം. ബ്രിക്സ് അംഗങ്ങൾ ചരിത്രപരമായി പരസ്പരം വെറുക്കുകയും കൊല്ലുകയും ചെയ്യുന്ന രാജ്യങ്ങളാണെന്നായിരുന്നു വൈറ്റ് ഹൗസ് ഉപദേഷ്ടാവിന്‍റെ പരാമര്‍ശം. യു എസ് വ്യാപാരമില്ലാതെ ബ്രിക്സ് കൂട്ടായ്മ നിലനിൽക്കില്ലെന്നും നവാരോ അവകാശപ്പെട്ടു. ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഇറക്കുമതിയിൽ 25% അധിക താരിഫ് ചുമത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യയ്ക്കുനേരെയുളള നവാരോയുടെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment