മുണ്ടക്കൈ , ചൂരൽ മല മേഖലകളിൽ മോഷണമെന്ന്

At Malayalam
1 Min Read

ദുരന്തഭൂമിയായി മാറിയ മുണ്ടക്കൈ , ചൂരൽ മല മേഖലകളിലെ വീടുകളിൽ മോഷണം നടന്നതായി വ്യാപകമായ പരാതി. തകർന്നതും തകരാത്തതുമായ വീടുകളിൽ നിന്ന് പലവിധ സാധനങ്ങൾ നഷ്ടപ്പെട്ടതായാണ് ഇപ്പോൾ പരാതിയുണ്ടാകുന്നത്. ദുരിതാശ്വാസ പ്രവർത്തകർ ഉപയോഗിച്ചിരുന്ന പല ഉപകരണങ്ങളും കളവു പോയതായി രക്ഷാപ്രവർത്തകരും പറയുന്നു.

പ്രളയ ബഹളത്തിനിടയിൽ ജീവൻ രക്ഷിയ്ക്കാനായി വീടുകളിൽ നിന്നും പലരും ഇറങ്ങി സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഓടുകയായിരുന്നു. ഈ മരണപാച്ചിലിൽ വീടുകൾ പൂട്ടിയും ചിലത് പൂട്ടാതെയുമാണ് പ്രാണരക്ഷാർത്ഥം പ്രദേശവാസികൾ ഓടിയത്. വീടുകളിൽ ചെറുതും വലുതുമായ അവരുടെ സമ്പാദ്യങ്ങൾ സൂക്ഷിച്ചിട്ടുമുണ്ടായിരുന്നു. ആ സമയത്ത് അതൊന്നും ഓർക്കാതെയാണ് ഓടിയത്. ഇപ്പോൾ പല വീടുകളിലും സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ, പണം, ഗൃഹോപകരണങ്ങൾ എന്നിവ നഷ്ടമായതായാണ് ഉടമകൾ പറയുന്നത്.

പുറം നാടുകളിൽ പോയി അത്യധ്വാനം ചെയ്ത് സമ്പാദിച്ച പണം കൊണ്ട് പലരും കാപ്പിത്തോട്ടവും ഏലത്തോട്ടവുമൊക്കെ വാങ്ങിയിരുന്നു. ഇവരുടെ സാമ്പത്തിക സ്ഥിതിയും സാമാന്യം മെച്ചപ്പെട്ടതായിരുന്നു. ഇവരേയും സുരക്ഷയുടെ ഭാഗമായി ക്യാമ്പുകളിലേയ്ക്ക് മാറ്റി താമസിപ്പിച്ചിരുന്നു. ഇവരുടെ വീടുകളെയൊന്നും ഉരുൾപൊട്ടൽ ബാധിച്ചിരുന്നില്ല. എന്നാൽ ഈ വീടുകളിൽ നിന്നൊക്കെ പണവും മറ്റും കളവു പോയതായി ഉടമസ്ഥർ പറയുന്നു. പല വീടുകളുടേയും വാതിലുകളും അലമാരകളും കുത്തി തുറന്നാണ് പണവും ആഭരണങ്ങളും മറ്റു സമ്പാദ്യങ്ങളുമൊക്കെ കവർന്നിരിക്കുന്നത്.

മൃതദേഹങ്ങൾ കിടന്ന വീടുകൾക്കുള്ളിൽ നിന്നു പോലും ഇത്തരത്തിൽ മോഷണം നടന്നതായി പ്രദേശവാസി കൂടിയായ ഒരു രക്ഷാപ്രവർത്തകൻ പറഞ്ഞു. ഭീകര ദുരന്തം നടന്ന സ്ഥലങ്ങളിലെ വീടുകൾ തേടി മോഷണം നടത്തണമെങ്കിൽ അത് ഈ പ്രദേശത്തെക്കുറിച്ച് നല്ല ധാരണ ഉള്ളവർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment