‘സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പൂർണ്ണമായി പിന്തുണ നൽകുന്നുവെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അയ്യപ്പൻ്റെ പ്രശസ്തി ആഗോള തലത്തിൽ അറിയിക്കുകയാണ് ലക്ഷ്യം. ദേവസ്വം ബോർഡിൻ്റെ ആശയം മികച്ചതാണ്. സംഗമം വിജയിച്ചാൽ അയ്യപ്പഭക്തരുടെ പ്രവാഹം ഉണ്ടാവും. കൂടുതൽ അയ്യപ്പഭക്തരെത്തുന്നത് സമ്പദ്ഘടനയെ മെച്ചപ്പെടുത്തും. പഴയ ശബരിമലക്കേസുകൾ തീർപ്പാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കഴിഞ്ഞ ദിവസം ആഗോള അയ്യപ്പ സംഗമത്തിന്എൻ എസ് എസ് അനുകല നിലപാട് അറിയിച്ചിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന് പരിപൂർണ്ണ പിന്തുണ ഇല്ലെന്നാണ് എൻ എസ് എസ് പിന്നീട് ഒരു വിശദീകരണം നൽകിയത്. ആചാരത്തിന് കോട്ടം ഇല്ലെങ്കിൽ നല്ലത്. സമിതി നേതൃത്വം രാഷ്ട്രീയ മുക്തമാകണമെന്ന നിർദേശവും എൻ എസ് എസ് മുന്നോട്ട് വെച്ചു. ഉപാധികളോടെയാണ് പിന്തുണ എന്ന് അറിയിച്ച ജി സുകുമാരൻ നായർ സമിതിയിൽ അയ്യപ്പ ഭക്തർ വേണമെന്നും നിർദ്ദേശിച്ചിരുന്നു. നിലവിൽ മുഖ്യമന്ത്രിയാണ് മുഖ്യ രക്ഷാധികാരി. സമിതിയിൽ മന്ത്രിമാർ അംഗങ്ങളാണ്.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചതിൽ എൻ എസ് എസിനെ വിമര്‍ശിച്ച് ബി ജെ പി. ശബരിമല പ്രക്ഷോഭ കേസുകളുടെ പേരിൽ കരയോഗാംഗങ്ങള്‍ക്കും മക്കള്‍ക്കും പാസ്പോര്‍ട്ട് പോലും എടുക്കാനായില്ലെന്ന് എൻ എസ് എസ് ഓര്‍ക്കണമെന്ന് ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. എൻ എസ് എസ് പിന്തുണയ്ക്കുമ്പോള്‍ സംഗമം ഇലക്ഷൻ സ്റ്റണ്ടെന്ന് സംശയിക്കുയാണെന്നാണ് യോഗക്ഷേമ സഭ പ്രതികരിച്ചത്. എൻ എസ് എസ് പിന്തുണ ഊര്‍ജ്ജവും പ്രോത്സാഹനവുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.