രജിസ്ട്രേഡ് തപാലും സ്പീഡ് പോസ്റ്റും പാഴ്സലും ഇനി മുതല്‍ വീട്ടില്‍ ഇരുന്ന് അയക്കാം. തപാല്‍വകുപ്പിന്റെ ആപ് ഉപയോഗിച്ച് പണമടയ്ക്കുതോടെ അതത് പോസ്റ്റ്മാന് വീട്ടിലെത്തി തപാല്‍ ഉരുപ്പടി ശേഖരിക്കുന്നതാണ് പുതിയ പദ്ധതി.
നിലവില്‍ ഉപയോഗിക്കുന്ന ടി സി എസിന്റെ സോഫ്റ്റ്വെയര് മാറ്റി തപാല്‍വകുപ്പു തന്നെ വികസിപ്പിച്ച സോഫ്റ്റ്വെയര് വരുന്നതോടെയാണ പുതിയ പദ്ധതി നടപ്പിലാവുക. ആപ് വരുന്നതോടെ വലിയ മാറ്റങ്ങളാണ് നടപ്പിലാകുക. രജിസ്ട്രേഡ് തപാല്‍ ഉരുപ്പടികള്‍ മേല്വിലാസക്കാരന് കൈപ്പറ്റിയെന്നതിന്റെ തെളിവായ അക്നോളഡ്ജ്മെന്റ് കാര്‍ഡിനു പകരം 10 രൂപ വിലയുള്ള പ്രൂഫ് ഓഫ് ഡെലിവറിയും ( പി ഒ ഡി ) നടപ്പിലാക്കും.
തപാല്‍ ഉരുപ്പടികള്‍ എത്തിയതായുള്ള സന്ദേശം മേല്‍വിലാസക്കാരനും, കൈമാറിയതായുള്ള സന്ദേശം അയച്ചയാള്‍ക്കും കൃത്യമായി കൈമാറാനുള്ള സംവിധാനവും ഇതിൻ്റെ ഭാഗമായുണ്ട്. ഇതിനായി രണ്ടുപേരുടെയും മൊബൈല്‍ നമ്പര്‍ ഇനിമുതല്‍ നിര്‍ബന്ധമാക്കും. തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്തില്ലെങ്കില്‍ വീട്, ഗേറ്റ് അടച്ചിട്ടിരിക്കുന്നു തുടങ്ങിയ കാരണങ്ങള്‍ കാണിച്ചാല്‍ അതിനു തെളിവായി മേല്‍വിലാസക്കാരന്റെ അടഞ്ഞ വീടിന്റെ ഫോട്ടോ ഡെലിവറി സ്റ്റാഫ് അപ്ലോഡ് ചെയ്യണം. കടലാസില്‍ ഒപ്പിട്ട് ഉരുപ്പടി കൈപ്പറ്റുന്ന രീതി ഡിജിറ്റില്‍ സിഗ്നേച്ചര്‍ സംവിധാനത്തിലേക്കും മാറും.
മേല്വിലാസക്കാരന് ചുമതലപ്പെടുത്തിയ ആളാണ് ഉരുപ്പടി കൈപ്പറ്റുന്നതെങ്കില്‍ ആ ആളിന്റെ ഫോട്ടോയെടുക്കുന്ന രീതിയും വൈകാതെ നടപ്പില്‍ വരും. ബാര്‍കോഡ് അടിസ്ഥാനമാക്കി സാധാരണ കത്തുകളുടെ സഞ്ചാരപാത കണ്ടെത്താനുള്ള ( ട്രാക്കിങ് ) സംവിധാനവും ഇതോടെ നിലവിൽ വരും.
