ഇന്ത്യയ്ക്ക് ആശ്വാസകരമായ തീരുമാനവുമായി ഫ്രാൻസ്. ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വീസ ഒഴിവാക്കുന്നതായാണ് ഫ്രാൻസിന്റെ സുപ്രധാന തീരുമാനം. ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി യാത്ര നടത്തുന്ന ഇന്ത്യക്കാർക്ക് ഇനി മുതൽ ട്രാൻസിറ്റ് ആവശ്യമില്ല.
നേരത്തെ ഇന്ത്യ സന്ദർശന വേളയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നടത്തിയ പ്രഖ്യാപനമാണ് ഇപ്പോൾ ഫ്രാൻസ് നടപ്പാക്കിയിരിക്കുന്നത്. ഫ്രഞ്ച് വിമാനത്താവളങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യക്കാർക്ക് വീസ രഹിത യാത്രാ സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുക.
ഫ്രാൻസിന്റെ സുപ്രധാന തീരുമാനത്തിനു പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. ഇന്ത്യൻ യാത്രക്കാർക്ക് വലിയ ഗുണമാകുന്നതാണ് തീരുമാനമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ കൂട്ടിച്ചേർത്തു.
