പാമ്പു കടിയേൽക്കൽ : ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ മുന്നറിയിപ്പ്

At Malayalam
4 Min Read

കേരളത്തിൽ സമീപദിവസങ്ങളിൽ ജനവാസകേന്ദ്രങ്ങളിൽ പലയിടങ്ങളിലായി പാമ്പുകടിയേറ്റ് മൂന്ന് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ട ദൗർഭാഗ്യകരമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. മരണപ്പെട്ട രണ്ടുപേർ കുഞ്ഞുങ്ങളാണെന്നത് അതീവ ദുഃഖകരമാണ്. ഈ സാഹചര്യത്തിൽ ജനവാസമേഖലകളിൽ പാമ്പുകൾ മൂലമുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.

നാട്ടിൽ കടുത്ത വേനലും ഉഷ്ണവും നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ഉടനീളമുള്ള സർപ്പ വോളന്റീയർമാരും വനപാലകരും സംസ്ഥാനത്തെ പഞ്ചായത്തുകളിൽ പാമ്പുകൾ മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായുള്ള നടപടികൾ വിലയിരുത്തുന്നതിനായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വേനൽക്കാലം, വിഷപ്പാമ്പുകളുടെ പ്രജനനകാലം എന്നീ സാഹചര്യങ്ങളിൽ പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതാണ്. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വാർഡ് തലത്തിൽ പാമ്പ്, പാമ്പ് വിഷബാധ ഒഴിവാക്കൽ അവബോധം എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

കേരളത്തിൽ പാമ്പുകൾ മൂലമുള്ള അപകട സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി വനം വകുപ്പിന്റെ പരിശീലനം സിദ്ധിച്ച 3600 ഓളം സർപ്പ വോളന്റീയർമാരെ സന്നദ്ധരാക്കിയിട്ടുണ്ട്. പാമ്പുകളെ അപകടകരമായി കാണപ്പെടുമ്പോൾ അവയെ സുരക്ഷിതമായി പിടികൂടി വിട്ടയയ്ക്കുന്നതിന് ഇവരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. എല്ലാ ജില്ലകളിലും സാമൂഹിക വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ മേൽനോട്ടത്തിൽ ഈ സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഈ സന്നദ്ധസേനയിൽ അംഗങ്ങളാണ്. സർപ്പ എന്ന പേരിൽ ഒരു മൊബൈൽ ആപ്ലിക്കേഷനും ഇക്കാര്യങ്ങളുടെ ഏകോപനത്തിനായി വനം വകുപ്പ് ആവിഷ്കരിച്ച് പ്രയോജനപ്പെടുത്തി വരുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

കടുത്ത ഉഷ്ണം മൂലം മാളങ്ങൾ വിട്ട് പുറത്തിറങ്ങുന്ന പാമ്പുകളും നവജാതരായ പാമ്പിൻ കുഞ്ഞുങ്ങളും വീടുകൾക്ക് സമീപമുള്ള മാളങ്ങൾ, വിള്ളലുകൾ, പൊത്തുകൾ, കുറ്റിക്കാടുകൾ മുതലായ ഒളിയിടങ്ങളിലേക്ക് ആകർഷിക്കപ്പെടും എന്നതിനാൽ ഇത്തരം ഒളിയിടങ്ങൾ നീക്കം ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. ഇരജീവികളുടെ സാന്നിദ്ധ്യം പാമ്പുകളെ ആകർഷിക്കും എന്നതിനാൽ ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കുവാൻ എത്തുന്ന എലി, വീടുകളിൽ വളർത്തുന്ന പക്ഷികൾ എന്നിവ സംബന്ധിച്ച് ശ്രദ്ധ ആവശ്യമാണ്. അവധിക്കാലം ആയതിനാൽ മൈതാനങ്ങളിലും പറമ്പുകളിലും കളിക്കുന്ന കുട്ടികൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. കളിയിടങ്ങളിലെ കുറ്റിക്കാടുകൾ, ചപ്പുചവറുകൾ, പൊത്തുകളും മാളങ്ങളും, വലിയ കല്ലുകൾ തുടങ്ങിയവയൊക്കെ ശ്രദ്ധാപൂർവ്വം ഒഴിവാക്കേണ്ടതുണ്ട്.

- Advertisement -

പാമ്പുകടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഒഴിവാക്കേണ്ട കാര്യങ്ങൾ എന്നിവ സംബന്ധിച്ച പോസ്റ്ററുകൾ സ്കൂളുകൾ, ഓഫീസുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കുവാനും, വഴിയോരങ്ങളിൽ കാടു വെട്ടുന്നതിനും, ചപ്പുചവറുകൾ നീക്കം ചെയ്യുന്നതിനും ആശുപത്രികളിൽ ആന്റിവെനം ലഭ്യത ഉറപ്പുവരുത്തുന്നതിനും ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാതല നിയന്ത്രണ സമിതികൾ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിന് സമിതി കൺവീനർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾക്ക് പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിന് തദ്ദേശ സ്വയംഭരണം, റവന്യൂ, ആരോഗ്യം, വിദ്യാഭ്യാസം മുതലായ വകുപ്പുകളുമായി ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്.

പാമ്പുകടിയേറ്റാൽ ഒട്ടും അമാന്തിക്കാതെ പാമ്പുകടിയേറ്റയാളെ ഏറ്റവും അടുത്ത് ആന്റിവെനം ചികിത്സാ സൗകര്യം ലഭ്യമായ ആശുപത്രിയിൽ എത്തിക്കേണ്ടതാണ്. രോഗിയെ പരിഭ്രാന്തരാക്കാതെ സമാധാനപ്പെടുത്തി, ശാരീരികായാസം ഉണ്ടാക്കാതെ എത്രയും വേഗം ആന്റിവെനം ചികിത്സാ സൗകര്യമുള്ള അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക എന്നതാണ് പ്രധാനം.

വേനൽക്കാലത്ത് വീടുകളിൽ തുറന്നിടുന്ന ജനൽവാതിലുകളിലൂടെ പുറത്തു നിന്നും പാമ്പുകൾ വീടുകൾക്ക് ഉള്ളിലേക്ക് എത്തിപ്പെടുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുന്നു. ഇത്തരം സാധ്യതകൾ ഒഴിവാക്കുവാൻ ജാഗ്രത പുലർത്തേണ്ടതുണ്ട്. വീടിനുള്ളിലേക്ക് പാമ്പുകൾ എത്താൻ സാധ്യതയുള്ള വിടവുകൾ, പൈപ്പുകൾ, വള്ളിച്ചെടികൾ, മരച്ചില്ലകൾ എന്നിവയും നീക്കം ചെയ്യേണ്ടതാണ്.

വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും പാമ്പുകളേയും പാമ്പുവിഷബാധയേയും സംബന്ധിച്ച് ശാസ്ത്രീയമായ അവബോധം എത്തിക്കുന്നതിനായി വനം വകുപ്പ് “സർപ്പപാഠം” എന്ന പേരിൽ ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ട്. ഇതിനായി 72 സർപ്പ എഡ്യൂക്കേറ്റർമാരെ പരിശീലനം നൽകി സജ്ജരാക്കിയിട്ടുണ്ട്. ഓരോ അധ്യയന വർഷത്തിലും സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാമ്പുകളേയും പാമ്പുവിഷബാധയും സംബന്ധിച്ച അവബോധ പരിപാടികൾ നടത്തുക എന്നതാണ് സർപ്പപാഠം പദ്ധതി ലക്ഷ്യമിടുന്നത്. 2025 – 26 അധ്യയനവർഷത്തിൽ എണ്ണൂറിലധികം വിദ്യാലയങ്ങളിലായി അമ്പതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് “സർപ്പപാഠം” പരിപാടിയിലൂടെ ബോധവൽക്കരണം നടത്തിയിട്ടുണ്ട്. കൂടാതെ NSS, NCC വാർഷിക ക്യാമ്പുകൾ, വനം വകുപ്പിന്റെ പ്രകൃതി പഠന ക്യാമ്പുകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവ മുഖേനയും അമ്പതിനായിരത്തിലധികം പേർ പങ്കെടുത്തിട്ടുണ്ട്. അപ്രകാരം ആകെ ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കും, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകർ, കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവർ, റസിഡൻഷ്യൽ അസോസിയേഷനുകൾ, ഗ്രന്ഥശാലകൾ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവയിലൂടെയും സർപ്പപാഠം പരിപാടി നടത്തിവരുന്നു. കൂടാതെ സാമൂഹിക മാധ്യമങ്ങൾ വഴിയും വീഡിയോകൾ, കുറിപ്പുകൾ, പോസ്റ്ററുകൾ തുടങ്ങിയവ മുഖേന ബോധവൽക്കരണം നൽകുന്നുണ്ട്.

വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തി അധ്യയന വർഷാരംഭത്തിന് മുന്നോടിയായി വിദ്യാലയങ്ങളുടെ സുരക്ഷാ പരിശോധന “സർപ്പസുരക്ഷ” എന്ന പേരിൽ സർപ്പ വോളന്റീയർമാർ കേരളത്തിലുടനീളം നടത്തിവരുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാമ്പുകളുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനും ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിനുമാണ് “സർപ്പസുരക്ഷ” പരിപാടി ആവിഷ്കരിച്ചിട്ടുള്ളത്. ഈ വർഷത്തെ “സർപ്പസുരക്ഷ” പദ്ധതി ഉടനേ ആരംഭിക്കാൻ നിർദ്ദേശം നൽകി.

- Advertisement -

നിലവിലെ കടുത്ത വേനലിൽ പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി ചെറു വീഡിയോകളും കുറിപ്പുകളും തയ്യാറാക്കി പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുവാൻ നിർദ്ദേശം നൽകി.

ഇന്ത്യയിൽ പ്രതിവർഷം അമ്പതിനായിരത്തിലധികം പേരാണ് പാമ്പുകടിയേറ്റ് മരണപ്പെടുന്നത്. ഇതിലധികവും കർഷക തൊഴിലാളികളും ഗ്രാമീണരുമാണ്. പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുറയ്ക്കുന്നതും 2030 ഓടു കൂടി പാമ്പുകടി മരണങ്ങൾ പൂർണ്ണമായും ഇല്ലായ്മ ചെയ്യുന്നതും ലക്ഷ്യം വച്ചാണ് 2020 ഓഗസ്റ്റിൽ കേരള വനം വകുപ്പ് “സർപ്പ” എന്ന പദ്ധതി ആരംഭിക്കുന്നത്. കേരളത്തിൽ 2018 – 2019 കാലയളവിൽ 123 പേരാണ് ജനവാസമേഖലയിൽ പാമ്പുകടിയേറ്റ് മരണപ്പെട്ടത്. ഈ സാഹചര്യത്തിൽ നിന്നും “സർപ്പ” പ്രവർത്തനം ആരംഭിച്ച ശേഷം പാമ്പുകടി മൂലമുള്ള അപകടങ്ങൾ ക്രമേണ കുറഞ്ഞുവരികയും അഞ്ചുവർഷം കൊണ്ട് ആറിലൊന്നായി ചുരുങ്ങി 2025 – 26 ൽ 18 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ പാമ്പുകടിമൂലമുള്ള മരണങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരേണ്ടതും ഊർജ്ജിതമാക്കേണ്ടതുമുണ്ട്. ഇതിനായി എല്ലാവരുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment