​പാലക്കാട് മണ്ഡലത്തിലെ വോട്ടിന് പണം പരാതി : ഫ്ലൈയിംഗ് സ്ക്വാഡ് അന്വേഷണം നടത്തി

At Malayalam
1 Min Read

​നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന പരാതിയിൽ ഫ്ലൈയിംഗ് സ്ക്വാഡ് അന്വേഷണം നടത്തി ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.

ഏപ്രിൽ 8ന് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശി ഭാഗത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തു എന്നായിരുന്നു പരാതി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉടൻ തന്നെ ഫ്ലൈയിംഗ് സ്ക്വാഡിനെ സ്ഥലത്തേക്ക് അയച്ചു.

​മാധ്യമങ്ങളിൽ പരാമർശിക്കപ്പെട്ട കണ്ണാടി സ്വദേശിനി ദേവുവിന്റെ (65) മൊഴി ഫ്ലൈയിംഗ് സ്ക്വാഡ് രേഖപ്പെടുത്തി. എന്നാൽ തനിക്ക് പണം ലഭിച്ചിട്ടില്ലെന്ന് അവർ മൊഴി നൽകിയിട്ടുണ്ട്. പ്രധാന സാക്ഷി പണം ലഭിച്ചത് നിഷേധിച്ചെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
​തിരഞ്ഞെടുപ്പ് നിരീക്ഷകർക്കും പൊലീസ് വിഭാഗത്തിനും റിപ്പോർട്ടിന്റെ പകർപ്പ് ജില്ലാ കളക്ടർ നൽകിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment