സംസ്ഥാനത്ത് പകൽസമയങ്ങളിൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7 മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. ഏപ്രിൽ 30 വരെയാണ് പുതിയ നടപടി. എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും.
ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3മണിക്ക് ആരംഭിക്കുന്ന തരത്തിലും ക്രമീകരിക്കണമെന്ന് ലേബർ കമ്മിഷണർ ഡോ. കെ. വാസുകി അറിയിച്ചു. ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചു ദൈനംദിന പരിശോധന നടത്തും.
