മുസ്ലിം ലീഗിന്റെ സെയിൽസ് മാനേജരാണ് പി കെ ഫിറോസെന്നും പാർട്ടി പദ്ധതികളുടെ മറവിൽ വൻ സാമ്പത്തിക തിരിമറിയാണ് ഫിറോസ് നടത്തുന്നതെന്നും മുൻ മന്ത്രി കെ ടി ജലീൽ. ദോത്തി ചലഞ്ചെന്ന പേരിൽ 200 രൂപ പോലുമില്ലാത്ത മുണ്ട് അറുനൂറിലധികം രൂപയ്ക്കാണ് യൂത്ത് ലീഗ് നേതാക്കൾ വാങ്ങിയതെന്നും വൻതട്ടിപ്പാണ് അന്നു നടന്നതെന്നും കെ ടി ജലീൽ ആരോപിച്ചു.
അതേസമയം ഫോർച്യൂൺ ഹൗസ് ജനറൽ എന്ന ദുബായ് കമ്പനിയുടെ മാനേജരാണ് പികെ ഫിറോസെന്നും മാസം അഞ്ചേകാൽ ലക്ഷം രൂപയാണ് ഫിറോസിന്റെ ശമ്പളമെന്നും രേഖകൾ നിരത്തി കെ ടി ജലീൽ വെളിപ്പെടുത്തി. 2024 മാർച്ച് 23 മുതൽ ഈ ശമ്പളം കൈപ്പറ്റുന്ന ഫിറോസ് 2021 ൽ മത്സരിക്കുമ്പോൾ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്നാണ് പറഞ്ഞിരുന്നതെന്നും ഇത്തരത്തിൽ ബാധ്യത ഉള്ളയാൾക്ക് 2024 ആവുമ്പോഴേക്കും എങ്ങനെ ഇത്രയും ശമ്പളം വാങ്ങുന്ന ജോലി കിട്ടിയെന്നും ജലീൽ ചോദിക്കുന്നു. യൂത്ത് ലീഗ് നേതാക്കൾ തന്നെയാണ് ഈ രേഖകൾ എല്ലാം തനിക്കു തരുന്നതെന്നും ജലീൽ കൂട്ടിച്ചേർത്തു.
യു ഡി എഫിന്റെ യുവജന നേതാക്കൾ രാഷ്ട്രീയരംഗത്ത് പുതിയ മാഫിയ സംസ്ക്കാരം കൊണ്ടുവരുന്നെന്നും ഇത് അപകടകരമായ രീതിയാണെന്നും ജലീൽ അഭിപ്രായപ്പെട്ടു. രാഹുൽ മാങ്കൂട്ടം ഉൾപ്പടെയുള്ളവർക്ക് പണമുണ്ടായാൽ എന്തും ചെയ്യാമെന്ന ധിക്കാര മനോഭവമാണ്. പണം കൊടുത്ത് എന്തും വശത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യൂത്ത് കോൺഗ്രസ് വയനാട്ടിൽ വീട് വെക്കാൻ പണം പിരിച്ചത് വിവാദമായി, എന്നാൽ യൂത്ത് ലീഗ് പണം പിരിച്ചാൽ പിന്നീട് നേതാക്കൾ പുതിയ കച്ചവട സ്ഥാപനങ്ങൾ തുടങ്ങുന്നതാണ് കാഴ്ചയെന്നും അദ്ദേഹം പരിഹസിച്ചു.
സിറിയക് ജോസഫിനെതിരെയും കെ ടി ജലീല്‍ തുറന്നടിച്ചു. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയ സമയത്ത് ഹൈക്കോടതി ജഡ്ജി ആയിരുന്നു സിറിയക് ജോസഫെന്നും അദ്ദേഹത്തെ സ്വാധീനിച്ചാണ് ലീഗ് നേതാക്കള്‍ ബന്ധു നിയമനത്തില്‍ തനിക്ക് എതിരെ നടപടി എടുപ്പിച്ചതെന്നും ജലീല്‍ പറഞ്ഞു. ലീഗ് നേതാക്കള്‍ സിറിയക് ജോസഫിനെ ഒരുപാട് സഹായിച്ചതിനുള്ള പ്രതിഫലമായിരുന്നു അത്. തന്നെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റാന്‍ അന്ന് പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെ ഇടപെട്ടിട്ടുണ്ട്. അങ്ങനെയാണ് സിറിയക് ജോസഫിനെ സ്വാധീനിച്ചത് . ഇതിലെ ഗൂഢാലോചന വ്യക്തമാണെന്നും ജലീല്‍ ചൂണ്ടിക്കാണിച്ചു. നേരത്തെ ജലീലിന് മന്ത്രിസ്ഥാനം നഷ്ടമായ ബന്ധു നിയമന ആരോപണത്തിൽ കുറ്റാരോപിതനായ കെ ടി അദീപ് ഇപ്പോള്‍ ബാങ്ക് ഓഫ് ബറോഡയുടെ കൊച്ചിയിലെ ചീഫ് മാനേജരാണെന്നും ജലീൽ ചൂണ്ടിക്കാണിച്ചു.