ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
2023 ലെ ചിത്രങ്ങള്‍ക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ നല്‍കുന്നത്.
ട്വല്‍ത്ത് ഫെയില്‍ ആണ് മികച്ച ഫീച്ചർ സിനിമ. ദ കേരള സ്റ്റോറി എന്ന ചിത്രം സംവിധാനം ചെയ്ത സുദിപ്തോ സെൻ ആണ് മികച്ച സംവിധായകൻ. ഷാരൂഖ് ഖാൻ, വിക്രാന്ത് മാസ്സി എന്നിവരെ മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ജവാൻ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്കാരം. ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസ്സിയേയും മികച്ച നടനായി തിരഞ്ഞെടുത്തു. മിസിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖർജിക്കാണ് മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിക്കുക.
മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക് തെരഞ്ഞെടുത്തു. ക്രിസ്റ്റോ ടോമി ആണ് ചിത്രത്തിന്റെ സംവിധായകൻ. ഉർവശി മികച്ച സഹനടിക്കുള്ള പുരസ്കാരം പങ്കിട്ടു. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവനെ മികച്ച സഹനടനായി തെരഞ്ഞെടുത്തു.
പാർക്കിങ് ആണ് മികച്ച തമിഴ് ചിത്രം. ജി വി പ്രകാശ് കുമാർ ആണ് മികച്ച സംഗീത സംവിധായകൻ. അനിമല്‍ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയ ഹർഷ് വർധൻ രാമേശ്വർ അവാർഡിന് അർഹനായി. 2018 എന്ന ചിത്രത്തെ മുൻനിർത്തി മോഹൻദാസ് ആണ് മികച്ച പ്രൊഡക്ഷൻ ഡിസൈനർ. പൂക്കാലം എന്ന ചിത്രത്തിലെ എഡിറ്റിംഗിന് മിഥുൻ മുരളിയെ മികച്ച എഡിറ്ററായും തെരഞ്ഞെടുത്തു.