തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്ന ഡോ : ഹാരിസ് ചിറക്കലിൻ്റെ ആരോപണത്തെ പിന്തുണച്ച് കേരള ഗവൺമെൻ്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ രംഗത്ത്. ഡോ : ഹാരിസിനെതിരെ അച്ചടക്ക നടപടി ഉണ്ടായാൽ സംഘടന കയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് സംഘടനാ പ്രസിഡൻ്റ് ഡോ : റോസനാര ബീഗം പറഞ്ഞു. ഡോ : ഹാരിസിൻ്റെ വാദം വെറും വൈകാരിക പ്രകടനം മാത്രമല്ലെന്നും ഡോ : റോസനാര പറഞ്ഞു.
ആശുപത്രിയിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ ആവശ്യത്തിനില്ലെന്ന കാരണത്താൽ നിർധനരായ നിരവധിയായ സാധാരണക്കാരുടെ ശസ്ത്രക്രിയ മാറ്റി വയ്ക്കേണ്ടി വരുന്നതായും ഇത് തങ്ങൾക്ക് കടുത്ത മാനസിക സമ്മർദവും ദുഃഖവും ഉണ്ടാക്കുന്നതായും ഡോ: ഹാരിസ് ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് സമൂഹത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നു പിന്നീടു പുറത്തു വന്ന അഭിപ്രായ പ്രകടനങ്ങൾ. ആശുപത്രിയിലെ ചികിത്സാ ഉപകരണങ്ങളുടെ സ്റ്റോക് പുതുക്കുന്നതിലെ കാലതാമസം, കുടിശിക അടച്ചു തീർക്കാത്തത് എന്നിവ ചികിത്സാ സംവിധാനത്തെ തകിടം മറിയ്ക്കുന്നതായാണ് വിലയിരുത്തൽ. ബ്യൂറോക്രസിയുടെ അഴിഞ്ഞാട്ടവും കൊടുകാര്യസ്ഥതയും ഡോ : ഹാരിസ് ചൂണ്ടിക്കാട്ടുന്നുണ്ട്. തനിക്കെതിരെ നടപടി ഉണ്ടായാലും വേണ്ടില്ല, അത്രയ്ക്കും മടുപ്പായിപ്പോയി എന്നും ഡോ: ഹാരിസ് തുറന്നടിച്ചിരുന്നു.
ഹാരിസിൻ്റെ തുറന്നു പറച്ചിൽ സമൂഹത്തിൽ വലിയ ചർച്ചകളും സംവാദങ്ങളുമാണ് ഉണ്ടാക്കിയിരിക്കുന്നത്. ആരോഗ്യ രംഗത്ത് കേരളം വലിയ നേട്ടങ്ങൾ കൈവരിച്ചപ്പോഴും ഇത്തരം അടിസ്ഥാന പ്രശ്നങ്ങളിൽ പിന്നാക്കം പോകുന്നത് വലിയ പ്രതിഷേധമാണ് ഉണ്ടാക്കുന്നത് എന്ന് വ്യക്തം. ദിവസവും രണ്ടു നേരം വീതം ചിരിക്കുന്ന പടവും നാലു കോളം വാർത്തയും സമൂഹ മാധ്യമങ്ങളിൽ ഇട്ട് മേനി നടിച്ചാൽ കാര്യങ്ങൾ നടക്കില്ലെന്ന് വകുപ്പ് മന്ത്രി ഇനിയെങ്കിലും മനസിലാക്കണമെന്നും വിമർശനം ഉയരുന്നുണ്ട്.