രണ്ടു കൊല്ലത്തിനു ശേഷം ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത് സി പി എം നേതാവ് ഇ പി ജയരാജൻ. സീതാറാം യെച്ചൂരിയെ അവസാനമായി കാണുന്നതിനാണ് ഇന്നലെ രാത്രി കരിപ്പൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ കയറി ജയരാജൻ ഡെൽഹിക്കു പോയത്.
2022 ജൂണിൽ മുഖ്യമന്ത്രിക്കൊപ്പം ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരനായി ജയരാജനുമുണ്ടായിരുന്നു. സ്വർണക്കള്ളക്കടത്ത് എന്ന വിവാദം മുറ്റി നിന്ന സമയത്തായിരുന്നു യാത്ര. ഈ യാത്രക്കിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ മുദ്രാവാക്യ മുയർത്തി മുഖ്യമന്ത്രിയുടെ സമീപത്തേക്ക് എത്തുകയായിരുന്നു. ജയരാജൻ പ്രതിഷേധക്കാരുടെ മുമ്പിൽ നിലയുറപ്പിക്കുകയും അവരുമായി ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു.
ഈ വിഷയത്തിൽ ഇൻഡിഗോ വിമാന കമ്പനി സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് ഇ പി ജയരാജൻ ഇൻഡിഗോയിലെ യാത്ര ഒഴിവാക്കിയത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാർക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കും അവരെ തടഞ്ഞ ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്കുമാണ് കമ്പനി സ്വീകരിച്ചത്. ഇത് ശരിയായ നടപടല്ലെന്ന നിലപാടിലുറച്ച് ജയരാജൻ താനിനി ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
നിരവധി തവണ ഇൻഡിഗോ അധികൃതർ ജയരാജനെ സമീപിച്ച് സഹകരിക്കണമെന്ന് ആദ്യർഥിച്ചെങ്കിലും ജയരാജൻ ഡെൽഹി യാത്രകൾ ട്രെയിനിലാക്കി. എന്നാൽ പാർടി ജനറൽ സെക്രട്ടറിയുടെ നിര്യാണത്തിൽ അടിയന്തരമായി ഡെൽഹിയിൽ എത്താനായാണ് ജയരാജൻ ഇൻഡിഗോ ബഹിഷ്ക്കരണം ഇപ്പോൾ ഉപേക്ഷിച്ചിരിക്കുന്നത്. വീണ്ടും ഇൻഡിഗോയിൽ കയറിയത് താത്ക്കാലികമായിട്ടാണോ അതോ തുടരുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
