28-ാം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും. വൈകിട്ട് 6ന് നിശാഗന്ധിയിൽ നടൻ പ്രകാശ് രാജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്യൂബയുടെ ഇന്ത്യൻ സ്ഥാനപതി അലെഹാന്ദ്രോ സിമാൻകാസ് മറിൻ മുഖ്യാഥിതിയാകും. ‘സുവർണ ചകോരം’ ഉൾപ്പെടെ മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി 11പുരസ്‌കാരങ്ങൾ സമർപ്പിക്കും.
മികച്ച സംവിധായകനും പുതുമുഖ സംവിധായനും പ്രേക്ഷക പുരസ്‌കാര ചിത്രത്തിനുമുള്ള രജത ചകോരം, മികച്ച ഫീച്ചർ ഫിലിമിനുള്ള സുവർണ ചകോരം, മികച്ച മത്സര ചിത്രത്തിനും മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്‌കാരം, മികച്ച ഏഷ്യൻ സിനിമയ്ക്കും മലയാള ചിത്രത്തിനുമുള്ള നെറ്റ്പാക്–കെ.ആർ.മോഹനൻ എൻഡോവ്‌മെന്റ് എന്നിവയാണ് നൽകുക. ഇതിനു പുറമേ വിഖ്യാത പോളിഷ് ചലച്ചിത്രകാരൻ ക്രിസ്റ്റോഫ് സനൂസിക്ക് ‘ലൈഫ് ടൈം അച്ചീവ്‌മെന്റ്’ പുരസ്‌കാരവും നൽകും.
ക്യൂബയിൽ നിന്നുള്ള പ്രതിനിധി സംഘത്തിലുൾപ്പെട്ട സംവിധായകരായ ഹോർഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോഗിൽ, നിർമ്മാതാവ് റോസ മരിയ വാൽഡസ് എന്നിവരെ ആദരിക്കും.
