ഗ്രേറ്റർ നോയിഡയിലെ സുർജാപുരിൽ മതിൽ തകർന്ന് 3 കുട്ടികൾ മരിച്ചു. 5 കുട്ടികൾക്കു പരുക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം.അഹദ് (4), അൽഫിസ (2), ആദിൽ (8) എന്നിവരാണു മരിച്ചത്. അയേഷ (16), ഹുസൈൻ (5), സൊഹ്ന (12), വാസിൽ (11), സമീർ (15) എന്നിവർക്കാണു പരുക്കേറ്റത്.
കനത്ത മഴയെത്തുടർന്നു മതിലിന്റെ അസ്ഥിവാരം ക്ഷയിച്ചതാണ് അപകടകാരണമെന്നാണു നിഗമനം. മതിലിനു സമീപത്തായി കളിച്ചിരുന്ന 8 കുട്ടികളുടെ ദേഹത്തേക്കാണു മതിൽ വീണത്. വീട്ടുകാരും അയൽക്കാരും പൊലീസും ചേർന്നു കുട്ടികളെ പുറത്തെടുത്തു.ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മൂന്നു കുട്ടികളുടെ മരണം സ്ഥിരീകരിച്ചിരുന്നു.
