അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥ 25 കിലോ സർണം ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ മുബൈ വിമാനത്താവളത്തിൽ പിടിയിലായി . ഏകദേശം 18.6 കോടി രൂപ വിലമതിയ്ക്കുന്ന സ്വർണമാണ് അഫ്ഗാനിസ്ഥാൻ കോൺസുൽ ജനറലായ സാക്കിയ വർദക്കിനെ അവർ ധരിച്ചിരുന്ന ജാക്കറ്റിനുള്ളിലും ലെഗിൻസ് , ബെൽറ്റ് തുടങ്ങിയവയ്ക്കുള്ളിലുമായി കടത്താൻ ശ്രമിച്ചത് . ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡി ആർ ഐ) ഇവരെ പിടി കൂടിയെങ്കിലും നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥയായതിനാൽ അറസ്റ്റു ചെയ്യാൻ തടസമുള്ളതായാണ് വിവരം.

എമിറേറ്റ്സ് വിമാനത്തിൽ ദുബായിൽ നിന്ന് മുംബൈയിലെത്തിയ സാക്കിയയെ രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഡി ആർ ഐ പിടി കൂടിയത് . ഇവരുടെ ഒപ്പമുണ്ടായിരുന്ന മകനെയും പരിശോധനകൾക്കു വിധേയനാക്കിയെങ്കിലും ഒന്നും കിട്ടിയിരുന്നില്ല . ഗ്രീൻ ചാനൽ സൗകര്യം ഇവർക്കുള്ളതിനാൽ പുറത്തു കടന്നപ്പോഴാണ് പരിശോധന നടത്തിയത് . കസ്റ്റംസ് പരിശോധന ആവശ്യമുള്ളതൊന്നും തൻ്റെ കയ്യിലില്ലെന്ന് സാക്കിയ പറഞ്ഞെങ്കിലും ഡി ആർ ഐ പരിശോധന നടത്തി കള്ളക്കടത്തു സ്വർണം കണ്ടെടുക്കുകയായിരുന്നു.
ഒരു ഹാൻഡ് ബാഗ് , അഞ്ച് ട്രോളി ബാഗുകൾ , സ്ലിംഗ് ബാഗ് എന്നിവയും ഒരു നെക്ക് പില്ലോയും ഇവരുടെ കൈവശമുണ്ടായിരുന്നു . ഇവയൊക്കെ വിശദമായി പരിശോധിച്ചെങ്കിലും ഡി ആർ ഐയ്ക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല . സ്വർണമൊന്നും കൊണ്ടു നടക്കാറില്ലെന്ന് സാക്കിയ പറയുകയും ചെയ്തു. പിന്നാലെ വനിതാ ഉദ്യോഗസ്ഥർ എത്തി ഇവരുടെ വസ്ത്രങ്ങൾ പരിശോധിച്ചപ്പോഴാണ് സ്വർണം കിട്ടിയത്.
