*രത്തൻ ടാറ്റ അരങ്ങൊഴിഞ്ഞു
രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച ‘രാജ്യം കണ്ട ഏറ്റവും വലിയ രാജ്യസ്നേഹി’യും വ്യവസായി എന്ന പേരിൽ മാത്രം ഒതുങ്ങാത്ത വ്യക്തിത്വവും, ടാറ്റാ ഗ്രൂപ്പിൻ്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റ വിട പറഞ്ഞു. കഴിഞ്ഞ 4 ദിവസങ്ങളായി മുംബൈയിലെ ബ്രീച് കാൻഡി ആശുപത്രിയിൽ അതി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. തൊട്ടു മുമ്പത്തെ ദിവസം ആരോഗ്യ നിലയിൽ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നെങ്കിലും പെട്ടന്ന് ശരീര സ്ഥിതി വഷളാവുകയായിരുന്നു.
രക്തസമ്മർദം കുറഞ്ഞതിനെ തുടർന്നാണ് രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ മരണവും എത്തി.
21 വർഷമാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിൻ്റെ തലപ്പത്തുണ്ടായിരുന്നത്. 40 മടങ്ങാണ് അക്കാലത്ത് വരുമാനം വർധിച്ചത്. ലാഭമാകട്ടെ നിലവിലുണ്ടായിരുന്നതിൻ്റെ ഇരട്ടിയുമായി. കൂടാതെ ജാഗ്വാർ , ലാൻഡ് റോവർ, ടെറ്റ്ലി, കോറസ് എന്നിവ ടാറ്റ സ്വന്തം പേരിലുമാക്കി. 1961 ൽ ടാറ്റാ സ്റ്റീൽസിലാണ് രത്തൻ ഔദ്യോഗിക ജീവിതം തുടങ്ങിയത്.
75 വയസു തനിക്കു പൂർത്തിയായപ്പോൾ എല്ലാ എക്സിക്യൂട്ടിവ് അധികാരങ്ങളും അദ്ദേഹം സ്വയം ഒഴിയുകയായിരുന്നു. ടാറ്റ നാനോ കാർ അദ്ദേഹം പ്രാവർത്തികമാക്കിയത് ഇന്ത്യയിലെ സാധാരണക്കാരെ എല്ലാ കാലത്തും ഓർമയുള്ളതു കൊണ്ടാണ്. എന്നും ഇന്ത്യകാരനായി, സാധാരണക്കാരനായി അവർക്കിടയിൽ തന്നെ ജീവിച്ച ധിഷണാശാലിയായ വലിയ മനുഷ്യൻ വിട പറയുമ്പോൾ ഒരു യുഗാന്ത്യം കൂടിയാണത്.
