സംഗീത സംവിധായകനും ഗായകനുമായ ബോംബെ എസ് കമാലിന്റെ 9-ാം ചരമവാർഷികം
നടൻ, ഗായകൻ ,സംഗീത സംവിധാകൻ എന്നീ നിലകളിൽ മലയാളത്തിലെത്തി തനി മലയാളിയായി മാറിയ ബോംബെ സ്വദേശിയായ
ബോംബെ എസ്. കമാൽ.
ദേവി സുകൃതാനന്ദമയി…
ആരാരിരാരോ ആരാരിരാരോ…
പാടാം ഞാൻ പാടാമൊരു….
സന്ധ്യേ…
പൂരാട രാത്രി…
ശലഭമേ ചിത്രശലഭമേ…
പുഷ്പങ്ങളായിരം…
മഞ്ഞണിയും മാമലയിൽ….
പി ഭാസ്കരന്റെ രചനയിൽ യേശുദാസ്, സുജാത എന്നിവർ പാടി തരംഗിണി പുറത്തിറക്കിയ ശരത്കാല പുഷ്പങ്ങൾ എന്ന ആൽബത്തിലെ…
ആദ്യത്തെ പ്രേമലേഖനം…
എന്റെ ജീവനും നിന്റെ ജീവനും…
കരിമ്പ് പൂക്കും മാസം…
വധൂവരന്മാര് വിട പറഞ്ഞു…
താമര തളിരണി…
ശരത്ക്കാല ചന്ദ്രലേഖ… ഉൾപ്പെടെ നിരവധി മലയാള ചിത്രങ്ങൾക്കും നാടകങ്ങൾക്കും സീരിയലുകൾക്കും സംഗീതം നൽകിയിട്ടുണ്ട്.
മുംബൈയിലെ വിക്ടോറിയ ടെര്‍മിനൽസിനു സമീപം അബ്ദുല്‍ റഹ്മാന് സ്ട്രീറ്റിലാണ് കമാല്‍ ജനിച്ചത്.
ചെറിയ പ്രായത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടു. ആ കാലത്ത് ഉസ്താദ് മൊയ്തീൻ ഖാനെ പരിചയപ്പെട്ടത് കമാലിന്റെ ജീവിതത്തിലെ വഴിത്തിരിവായി. അദ്ദേഹത്തിന്റെ ഒപ്പം സംഗീതം അഭ്യസിച്ച കമാൽ പിന്നീട് സ്റ്റേജുകളിൽ പാടിത്തുടങ്ങി. ഏഴാം വയസ്സു മുതൽ മുഹമ്മദ്റഫിയുടെ ഗാനങ്ങൾ ആലപിച്ച് മുംബൈ സംഗീതാസ്വാദകർക്കിടയിൽ ശ്രദ്ധേയനായി. നല്ല പാട്ടുകാരൻ എന്ന പേരു കിട്ടിയിട്ടും സിനിമയിൽ കോറസ്സ് പാടാൻ മാത്രമാണ് കമാലിനു അവസരം ലഭിച്ചത്. റാഫിയുടെ ശബ്ദത്തോടുള്ള ഈ അസാധാരണ സാമ്യം, ലഭിച്ച ചാൻസുകൾ കൂടി നഷ്ടമാകാൻ കാരണമായിട്ടുണ്ട്.
അവസരങ്ങൾ അധികം ലഭിക്കാതിരുന്നതു മൂലം ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലായെങ്കിലും സംഗീതത്തെ വിട്ടു കളയാൻ കമാൽ ഒരുക്കമായിരുന്നില്ല. ഒരിക്കല്‍ ബാബുരാജ് മുംബൈയില്‍ എത്തുകയും കമാലിനു ബാബുരാജിന്റെ മുന്നില്‍ പാടാന്‍ അവസരം ലഭിക്കുകയും ചെയ്തു. പാട്ട് കേട്ടിഷ്ടപ്പെട്ട ബാബുരാജ്, കമാലിനെ കേരളത്തിലേക്ക് ക്ഷണിച്ചെങ്കിലും താല്പര്യം കാണിച്ചില്ല.1959-ൽ തന്റെ കൂട്ടുകാർക്കൊപ്പം മദ്രാസിൽ ‘ഖവ്വാലി’ നടത്തുവാൻ പോയ കമാൽ മടക്കയാത്രക്കിടയിൽ പോക്കറ്റടിക്കപ്പെട്ടു. പണമില്ലാതെ വന്നതിനു പുറമെ ഭാഷയുമറിയാതെ കഷ്ടപ്പെട്ട കമാലിനെ അന്നു സഹായിച്ചത് തബലിസ്റ്റ് ബാബുവാണ്. അദ്ദേഹം കമാലിനെ ഒരാളുടെ ഒപ്പം കല്ലായിയിലേക്ക്, ബാബുരാജിനെ കാണുവാൻ അയച്ചു. പിന്നീട് ബാബുരാജിനോപ്പം കുറെ വർഷങ്ങൾ മലബാറിലെ മിക്ക വീടുകളിലും മെഹഫിൽ അവതരിപ്പിച്ചു. ഇതിനിടെ ബാബുരാജിൽ നിന്നും സംഗീത സംവിധാന രീതികൾ പഠിച്ചു. ബാബുരാജിനെ തേടിയെത്തിയ നാടകഗാനങ്ങളാണ് കമാൽ ആദ്യം സംഗീതം ചെയ്തത്. പിന്നീട് സ്വന്തമായി കുറെയധികം നാടക ഗാനങ്ങൾക്ക് സംഗീതം നൽകി.
പിന്നീട് സംഗീതസംവിധായകൻ രവീന്ദ്രന്റെ ട്രൂപ്പില്‍ ചേർന്നു. മുഹമ്മദ് റഫി ഗാനങ്ങള്‍ സ്ഥിരമായി പാടിയിരുന്നത് കമാൽ ആയിരുന്നു. കിളിമാനൂര്‍ രമാകാന്തന് എഴുതിയ
സ്വപ്നം കാണാത്ത രാത്രിയിലെ…. എന്ന ഗാനം കമ്പോസ് ചെയ്യാന്‍ അവസരം ലഭിച്ചു. അതു ഹിറ്റായപ്പോൾ കമാൽ എന്ന സംഗീത സംവിധായകനെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങി. ഒടുവിൽ ഡോ. ബാലകൃഷ്ണന്റെ എവിടെ എന്‍ പ്രഭാതം എന്ന ചിത്രത്തിന് സംഗീതം നൽകി കൊണ്ട് ചലച്ചിത്ര രംഗത്ത് എത്തിച്ചേർന്നു. ബാലു കിരിയത്തും മുല്ലക്കൽ റഷീദുമായിരുന്നു ഗാനങ്ങൾ എഴുതിയത്. ബാലു കിരിയത്തിന്റെ ആദ്യ ചിത്രവും അതായിരുന്നു. നിലവിളക്ക് എന്ന ചിത്രത്തില്‍
പാടാം ഞാന്‍ പാടാം, ഒരു സാന്ത്വനം… എന്ന പാട്ട് ഹിറ്റായി.
ഇതിനിടെ കൊച്ചിൻ ഹനീഫയുടെ മൂന്നു മാസങ്ങൾക്ക് മുമ്പ് എന്ന ചിത്രത്തിൽ കമാലിന് അവസരം ലഭിച്ചു. മീനമാസത്തിലെ സൂര്യൻ, മുഖ്യമന്ത്രി, ഹലോ മൈഡിയർ റോംഗ് നമ്പർ, ഭൂമിയിലെ രാജാക്കന്മാർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഒടുവിൽ ഭരത് ചന്ദ്രൻ ഐ.പി.എസ്സിലും ഒരു ചെറു വേഷം ചെയ്തിട്ടുണ്ട്. മേജർ രവിയുടെ കുരുക്ഷേത്ര എന്ന ചിത്രത്തിന്റെ ടൈറ്റിൽ സോംഗ് ആയ ചലോ ചലോ… എഴുതിയത് കമാലാണ്.
ഏറെ കാലം തിരൂർ ബി.പി.അങ്ങാടിയിൽ സംഗീത സമ്രാട്ട് ഷായുടെ വീട്ടിലായിരുന്നു താമസം. പിന്നീട്, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനു സമീപം അരിസ്റ്റോ ജംഗ്ഷനിൽ ഒരു വീട്ടിൽ കമാൽ കഴിഞ്ഞിരുന്നു.. അവസാന കാലത്ത് മുടവൻമുകളിൽ മകളോടൊപ്പമാണ് കഴിഞ്ഞിരുന്നത്. 2015 മാർച്ച് 17ന് അന്തരിച്ചു.