ഓർമയിലെ ഇന്ന്, മാർച്ച് 23 – സാഹിത്യപഞ്ചാനനൻ പി കെ നാരായണപിള്ള

At Malayalam
2 Min Read

സാഹിത്യപഞ്ചാനനൻ പി. കെ. നാരായണ പിളളയുടെ 146-ാം ജന്മവാർഷികം

വിമർശന സാഹിത്യത്തിൽ പുതിയ വഴികൾ വെട്ടിത്തുറന്ന വിമർശകപ്രതിഭയാണ് പി. കെ. നാരായണ പിളള.

മലയാളത്തിലെ ആദ്യകാല ഗദ്യരചയിതാക്കളിൽ പ്രമുഖനും മലയാള സാഹിത്യ നിരൂപണത്തിന്റെ ചരിത്രത്തിലെ ആദ്യകാല വിമർശകനുമാണ് സാഹിത്യപഞ്ചാനനൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പി.കെ.നാരായണപിള്ള. കവി, ഗദ്യകാരൻ, വാഗ്മി, വിമർശകൻ, വൈയാകരണൻ, ഭാഷാഗവേഷകൻ, സമുദായ പരിഷ്കർത്താവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അദ്ദേഹം. നീലകണ്ഠ തീർത്ഥപാദരാണ് അദ്ദേഹത്തിന് സാഹിത്യ പഞ്ചാനനൻ എന്ന വിശേഷണം നൽകിയത്. കവി, ഗദ്യകാരൻ, വാഗ്മി, വൈയാകരണൻ, നിരൂപകൻ എന്നീ പഞ്ചമുഖങ്ങളോടു കൂടിയവൻ എന്ന അർത്ഥമാണ് ഇതിനുള്ളത്. 1878 മാർച്ച് 23 (കൊല്ലവർഷം 1053 മീനം 9) ന് അമ്പലപ്പുഴ ആമയിട ഗ്രാമത്തിൽ കടമ്മാട്ടു കുഞ്ഞുലക്ഷ്മി അമ്മയുടേയും ആലപ്പുഴ പറവൂർ പൊഴിച്ചേരി മഠത്തിൽ ദാമോദരൻ പ്ലാപ്പിള്ളിയുടേയും മകനായി ജനിച്ചു. അമ്പലപ്പുഴ – ആലപ്പുഴ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം മഹാരാജാസ് കോളജിൽ നിന്ന് രസതന്ത്രത്തിൽ ബി.എസ്‌.സി ബിരുദം നേടി. കോളജ് വിദ്യാഭ്യാസ കാലത്ത് പിതാവ് അന്തരിച്ചതിനാൽ മലയാള മനോരമ, കേരള താരക, ചന്ദ്രിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളെഴുതിയാണ് വിദ്യാഭ്യാസ ചെലവുകൾക്കുള്ള പണം കണ്ടെത്തിയത്. എ.ആർ. രാജരാജവർമ്മ, മുൻഷി രാമക്കുറുപ്പ് തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ ശിഷ്യനായിരുന്നു.

റെയിൽവേ ഗുമസ്തൻ, സ്കൂൾ അദ്ധ്യാപകൻ, കലാലയ അദ്ധ്യാപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 1908 ൽ നിയമ ബിരുദമെടുത്ത് അഭിഭാഷകനായി. തിരുവിതാംകൂർ നിയമ സഭാംഗം, മദിരാശി സർവകലാശാല സെനറ്റ് മെമ്പർ, ഹൈക്കോടതി ജഡ്ജി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച് 1934 ൽ വിരമിച്ചു. നായർ സമുദായ പരിഷ്കരണ ശ്രമങ്ങൾ നടത്തുകയും അത് ലക്ഷ്യമാക്കിയുള്ള സംഘടനകളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്തത് പി.കെ. നാരായണപിള്ളയാണ്. കവിയും നാടകകൃത്തുമായ ടി. എൻ. ഗോപിനാഥൻ നായർ പുത്രനാണ്.1938 ഫെബ്രുവരി 10ന് അന്തരിച്ചു.

- Advertisement -

കൃതികൾ : ചില കവിതാ പ്രതിധ്വനികൾ (1906), പ്രസംഗ തരംഗിണി (3 ഭാഗങ്ങൾ 1914, 1926, 1926), ശ്രീമൂല മുക്താവലി (1918), ലഘു വ്യാകരണം (1920), ഗദ്യ മുക്താവലി (1927),ക്ഷേത്ര പ്രവേശന വാദം (1927), പ്രയോഗ ദീപിക (1934), കാവ്യമേഖല (1935), വ്യാകരണ പ്രവേശിക (1936).

L

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.