വെടിനിർത്തലിനിടെ കുവൈത്തിനെ ആക്രമിച്ച് ഇറാൻ

At Malayalam
1 Min Read

കുവൈത്തിൽ വീണ്ടും ഇറാൻ ഡ്രോൺ ആക്രമണം നടത്തി. കുവൈത്തിലെ അതീവ സുരക്ഷാ മേഖലയായ നാഷണൽ ഗാർഡ് സൈറ്റിലാണ് ഡ്രോൺ ആക്രമണം നടന്നത്. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ താവളത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി കുവൈത്ത് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ജദാൻ ഫാദൽ സ്ഥിരീകരിച്ചു. ഒരു ശത്രു ഡ്രോൺ ആണ് നാഷണൽ ഗാർഡ് സൈറ്റിനെ ലക്ഷ്യമിട്ടെത്തിയത്. ആക്രമണത്തിൽ കെട്ടിടങ്ങൾക്കും സൈനിക സാമഗ്രികൾക്കും കേടുപാടുകൾ സംഭവിച്ചു. ആക്രമണ സമയത്ത് സൈനികർ സുരക്ഷിതരായിരുന്നതിനാൽ ആർക്കും പരിക്കോ ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്നും വക്താവ് അറിയിച്ചു.

സ്ഫോടനത്തിനു പിന്നാലെ എമർജൻസി ടീമുകൾ സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. രാജ്യത്തിന്റെ സുപ്രധാന താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഏത് തരം ശത്രു നീക്കങ്ങളെയും നേരിടുന്നതിനും നാഷണൽ ഗാർഡ് സർവ്വസജ്ജമാണെന്ന് ബ്രിഗേഡിയർ ജനറൽ ജദാൻ ഫാദൽ പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇറാഖ് – ഇറാൻ അതിർത്തികളോട് ചേർന്നുനിൽക്കുന്ന ഗൾഫ് രാജ്യങ്ങളിൽ ഡ്രോൺ ആക്രമണങ്ങൾ വർധിക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഇസ്‌ലാമാബാദിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് കുവൈത്തിന് നേരെ ഇത്തരമൊരു ആക്രമണം ഉണ്ടായതെന്നത് ശ്രദ്ധേയമാണ്.

ലബനൻ സർക്കാറുമായി ചർച്ചയ്ക്ക് ഇസ്രായേൽ
അതേസമയം, ഇസ്രായേലും ലബനനും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട ശത്രുതയ്ക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള നേരിട്ടുള്ള സമാധാന ചർച്ചകൾക്ക് തുടക്കമാകുന്നു. ലബനൻ സർക്കാരിന്റെ നിരന്തരമായ അഭ്യർത്ഥന കണക്കിലെടുത്താണ് നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചത്. എന്നാൽ വെടിനിര്‍ത്തൽ പ്രഖ്യാപിക്കാതെയാണ് ഇസ്രായേൽ ചര്‍ച്ച പ്രഖ്യാപിച്ചത്. ലബനനിലെ കരുത്തരായ ഹിസ്ബുള്ള സായുധ സംഘത്തെ നിരായുധീകരിക്കുക എന്നതിനാണ് ഇസ്രായേൽ ചർച്ചയിൽ മുൻഗണന നൽകുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ സുസ്ഥിരമായ സമാധാന ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കും. ബെറൂട്ടിനെ സൈനിക മുക്തമാക്കാനുള്ള ലബനൻ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ നെതന്യാഹു സ്വാഗതം ചെയ്തു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment