എം ആര്‍ അജിത് കുമാറിൻ്റെ വിജിലൻസ് ക്ലീൻ ചിറ്റ് കോടതി തള്ളി

At Malayalam
1 Min Read

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എക്‌സൈസ് കമ്മീഷണര്‍ എ ഡി ജി പി എം ആര്‍ അജിത് കുമാറിന് ക്ലീൻ ചിറ്റ് നല്‍കിയ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി. തിരുവനന്തപുരം സ്പെഷല്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിജിലൻസിന്റെ ക്ലീൻചിറ്റ് റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നും ഈ വിഷയത്തില്‍ മുഴുവൻ സംശയങ്ങളും ദൂരീകരിക്കപ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

അഭിഭാഷകനായ നെയ്യാറ്റിൻകര സ്വദേശി നാഗരാജാണ് എ ഡി ജി പി അജിത് കുമാറിനെതിരെ ഹർജി നല്‍കിയത്. പരാതിക്കാരനായ നാഗരാജിന്റെ മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തും. എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ കീഴുദ്യോഗസ്ഥരായ എസ് പിയും ഡി വൈ എസ് പിയും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് പരാതിക്കാരൻ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ എം ആർ അജിത് കുമാറിനെതിരെ ഒരു തെളിവും ഇല്ലെന്നും ഹർജിക്കാരൻ സമര്‍പ്പിച്ച ഹര്‍ജി നിയമപരമായി നിലനില്‍ക്കുകയില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപണങ്ങളല്ലാതെ ഒരു രേഖയും സമര്‍പ്പിച്ചിട്ടില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് വിജിലൻസ് കോടതി റിപ്പോർട്ട് വിളിച്ചു വരുത്തി പരിശോധന നടത്തിയിരുന്നു. ഈ മാസം 30 ന് പരാതിക്കാരനായ നാഗരാജിനെ കോടതിയില്‍ വിളിച്ചു വരുത്തി മൊഴിയെടുക്കും.

എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ ഭാര്യാ സഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

- Advertisement -
Share This Article
Leave a comment