തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ ഭവന നിർമ്മാണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ കല്ലറ ഗ്രാമ പഞ്ചായത്തിലെ വെള്ളംകുടി വാർഡ് മെമ്പർ ആയിരുന്ന കെ ഷീലയെ മൂന്നു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഈടാക്കുന്നതിനും തിരുവനന്തപുരം വിജിലൻസ് കോടതി വിധിച്ചു.
തിരുവനന്തപുരം കല്ലറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന നിർമ്മാണ പദ്ധതി നടപ്പിലാക്കിയിരുന്നു. കല്ലറ പഞ്ചായത്തിലെ വെള്ളംകുടി വാർഡിലേക്കുള്ള ഗുണഭോക്താക്കളെ ഗ്രാമസഭ കൂടി തീരുമാനിക്കുകയും മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തു. കല്ലറ ഗ്രാമ പഞ്ചായത്തിലെ വെള്ളംകുടി വാർഡ് മെമ്പർ ആയിരുന്ന ഷീല, ഗ്രാമസഭകൂടി തീരുമാനിച്ച മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തിയിരുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റിൽ കൃത്രിമം നടത്തി ഗ്രാമസഭ തെരഞ്ഞെടുത്ത ചില ഗുണഭോക്താക്കളെ ഒഴിവാക്കി അധികമായി മറ്റു ചിലരുടെ പേര് എഴുതി ചേർക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ അധികമായി പേര് എഴുതിച്ചേർത്തവർക്ക് പദ്ധതി പ്രകാരമുള്ള വീട് അനുവദിക്കുന്നതിന് കല്ലറ ഗ്രാമപഞ്ചായത്ത് പിന്നീട് തുക അനുവദിക്കുകയും ചെയ്തിരുന്നു എന്ന പരാതി ഉയർന്നു.
വെള്ളംകുടി വാർഡ് മെമ്പറായിരുന്ന ഷീല ഗ്രാമസഭയുടെയോ പഞ്ചായത്തു കമ്മറ്റിയുടെയോ അംഗീകാരം വാങ്ങാതെ ഗ്രാമസഭാ മിനുട്ട്സ് തിരുത്തി കൂടുതൽ ഗുണഭോക്താക്കളെ കൂട്ടിച്ചേർത്ത് പദ്ധതിയിൽ ക്രമക്കേട് നടത്തിയതിലേക്ക് തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്ത് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്ന കേസിലാണ് മുൻ വാർഡ് മെമ്പറായിരുന്ന കഷീല കുറ്റക്കാരിയാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തിയത്.
വിവിധ വകുപ്പുകളിലായി ആകെ മൂന്നു വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചത്. തിരുവനന്തപുരം വിജിലൻസ് ജഡ്ജ് ആണ് വിധി പുറപ്പെടുവിച്ചത്.