ഉമ്മൻ ചാണ്ടി ഓർമ്മകൾക്ക് ഇന്ന് രണ്ടു കൊല്ലം പൂർത്തിയായി. 2023 ജൂലൈ18 നാണ് സമുന്നതനായ കോൺടസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടി വിടവാങ്ങിയത്. അഞ്ചു പതിറ്റാണ്ടു കാലം കേരള നിയമസഭാ അംഗവും രണ്ടുതവണ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഓർമകൾ ഇന്നും കേരളത്തേയും പ്രത്യേകിച്ച് പുതുപ്പള്ളിയേയും വിട്ടുപോയിട്ടില്ല.
ആൾക്കുട്ടത്തിനുള്ളി അവരിലൊരാളായി മാത്രമാണ് എന്നും പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് ജീവിച്ചത്. ഇന്നും അദ്ദേഹത്തിൻ്റെ അദ്യശ്യ സാന്നിധ്യം അവിടെയുണ്ടെന്നാണ് പുതുപ്പള്ളിക്കാരുടെ വിശ്വാസം. കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഉമ്മൻ ചാണ്ടിയുടെ ഓർമകളും അനുഭവങ്ങളും എപ്പോഴും പരസ്പ്പരം പറയുന്നതും പങ്കു വയ്ക്കുന്നതും സവിശേഷമായ ആ വ്യക്തിത്വം ഒന്നു കൊണ്ടു മാത്രമാണ്.
പുതുപ്പള്ളിയിലെ പള്ളിയും കരോട്ടുവള്ളകാലിൽ വീടും ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിറമുള്ള പശ്ചാത്തലങ്ങളാണ്. ആ വീട്ടിലെ കസേരകളും മുറികളും നൂറുകണക്കിന് ആളുകൾ കൂട്ടം കൂടിയിരുന്ന വലിയ മുറ്റവും എല്ലാം ഇന്ന് ശൂന്യമായിരിക്കുന്നു. തനിക്കെതിരേയുള്ള പ്രതിഷേധങ്ങളെയും ചിരിച്ചു കൊണ്ടു മാത്രം നേരിട്ട നേതാവ്. അളവറ്റ രാഷ്ട്രീയ തിരക്കുകൾക്ക് ഇടയിലും കുടുംബ കാര്യങ്ങളിൽ ഉത്തരവാദിത്തത്തോടെ ഇടപെട്ടിരുന്ന കുടുംബനാഥൻ ആയിരുന്നു ഉമ്മൻ ചാണ്ടി.
ഉമ്മൻ ചാണ്ടി മൺമറഞ്ഞ് രണ്ടു വർഷങ്ങൾ പിന്നിടുമ്പോഴും മരിക്കാത്ത ഓർമ്മകൾ തന്നെയാണ് അദ്ദേഹം ഇഷ്ടക്കാരിൽ കോറിയിടുന്നത്. കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നിരവധി അനുസ്മരണ ചടങ്ങുകൾ ഇന്ന് നാടൊട്ടുക്കും സംഘടിപ്പിച്ചിട്ടുണ്ട്.