സ്നേഹത്തിന്റെ, പ്രണയത്തിന്റെ ഭാഷയിലൂടെ കഥാപാത്രങ്ങളെ പുതിയൊരു ലോകത്തേക്ക് എത്തിക്കുകയും ആ ലോകത്ത് പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും ചെയ്ത എഴുത്തുകാരിയാണ് മാധവിക്കുട്ടി.

അനശ്വരങ്ങളായ അക്ഷരങ്ങളെ കൂട്ടു പിടിച്ച് മായിക സ്വപ്നങ്ങൾ കണ്ട്, തനി വള്ളുവനാടൻ ശൈലിയിൽ മലയാളികളുടെ മനസ്സിലേക്ക് പച്ചയായ ജീവിതങ്ങളെ കോറിയിട്ട മാധവിക്കുട്ടി. 1932 മാര്‍ച്ച് 31ന് തൃശൂർ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് തറവാട്ടില്‍ പ്രശസ്ത കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടേയും വി എം നായരുടേയും മകളായാണ് മാധവിക്കുട്ടി ജനിച്ചത്. കമല എന്നാണ് യഥാര്‍ത്ഥ പേര്. മാധവിക്കുട്ടി എന്നത് തൂലികാ നാമമാണ്. എന്നാല്‍ യഥാര്‍ത്ഥപേരായ കമലാദാസ് എന്ന പേരിലാണ് ഇംഗ്ലീഷില്‍ കവിതകളെഴുതിയിരുന്നത്. പതിമൂന്നാം വയസിലായിരുന്നു വിവാഹം. പില്‍ക്കാലത്ത് ഇസ്ലാം മതം സ്വീകരിച്ച് കമലാസുരയ്യ എന്ന എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

10-ാം വയസില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന കുഷ്ഠരോഗിയാണ് ആദ്യ കഥ. 1955ല്‍ ആദ്യ കഥാസമാഹാരമായ മതിലുകള്‍ പുറത്തിറക്കി. ചെറുകഥകളായിരുന്നു കമലയുടെ ഇഷ്‌ടമേഖല. ഇടയ്ക്ക് നോവലുകളില്‍ കൈവച്ചെങ്കിലും തനിക്ക് പറ്റിയ ഇടം ചെറുകഥയുടെ വലിയ ലോകമാണെന്ന് അവര്‍ മനസ്സിലാക്കി. ജീവിതഗന്ധിയായ രചനകള്‍ അവരുടെ തൂലികയില്‍ നിന്നു പിറന്നപ്പോഴൊക്കെ കപട സദാചാരത്തിന്‍റെ മലയാളിക്കണ്ണ് അവിടെയെല്ലാം എത്തിനോക്കി.

പറയാനുള്ളത് ആരെയും ഭയക്കാതെ, പുരുഷനേക്കാള്‍ ധൈര്യത്തോടെ കമല പറഞ്ഞു. പലരും പറയാന്‍ കൊതിച്ചതും, എന്നാല്‍ പറയാന്‍ ഭയന്നതുമായ കാര്യങ്ങള്‍ തന്‍റെ രചനകളില്‍ സുന്ദരമായ ചിത്രം പോലെ കോറിയിട്ടപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍ ചെറുതല്ലായിരുന്നു. മലയാളി ‘എന്‍റെ കഥ’ ആവര്‍ത്തിച്ചു വായിച്ചതും, ഇപ്പോഴും വിമര്‍ശനങ്ങളുയര്‍ത്തുന്നതും പറയാനുള്ളത് പച്ചയായി പറഞ്ഞ അവരുടെ ധൈര്യത്തോടുള്ള അസൂയ മൂലമാണന്ന് കരുതാം.

ലോകസാഹിത്യ തറവാട്ടില്‍ തന്‍റേതായ പങ്ക് നല്‍കിയിട്ടാണ് അവര്‍ ജീവിതത്തില്‍ നിന്ന് പടിയിറങ്ങിയത്. മലയാളത്തില്‍ മതിലുകള്‍, തരിശുനിലം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, എന്‍റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, നഷ്‌ടപ്പെട്ട നീലാംബരി, തണുപ്പ്, മാനസി, തിരഞ്ഞെടുത്ത കഥകള്‍, എന്‍റെ കഥ, വര്‍ഷങ്ങള്‍ക്കു മുന്‍പ്, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, ബാല്യകാലസ്‌മരണകള്‍, നീര്‍മാതളം പൂത്തകാലം, വണ്ടിക്കാളകള്‍ എന്നിവയും ഇംഗ്ലീഷില്‍, സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ് ഓഫ് ലസ്റ്റ്, ദ് ഡിസന്റന്‍സ്, ഓള്‍ഡ് പ്ലേ ഹൗസ്, കളക്‌റ്റഡ് പോയംസ് എന്നീ കവിതാസമാഹാരങ്ങളും മാധവിക്കുട്ടിയുടെ പ്രശസ്തങ്ങളായ കൃതികളാണ്. ഇവയില്‍ ചിലത് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

വയലാര്‍ – എഴുത്തച്ഛന്‍ പുരസ്‌കാരങ്ങൾ, കേന്ദ്ര – കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ഏഷ്യന്‍ വേള്‍ഡ് പ്രൈസ്, ഏഷ്യന്‍ പൊയട്രി പ്രൈസ്, കെന്റ് അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ് തുടങ്ങി കഥയ്ക്കും കവിതയ്ക്കുമായി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1984 ല്‍ വേള്‍ഡ് അക്കാദമി ഓഫ് ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചു.
1984 ൽ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് മാധവിക്കുട്ടിയുടെ പേര് നിര്‍ദേശിക്കപ്പെട്ടു. പോയറ്റ് മാസികയുടെ ഓറിയന്റ് എഡിറ്റര്‍, ബഹുതന്ത്രികയുടെ ഫൗണ്ടര്‍ എന്നിങ്ങനെ ഒട്ടേറെ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരുന്നിട്ടുണ്ട്. 2009 മെയ് 31ന് മാധവിക്കുട്ടി അന്തരിച്ചു.

