പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. മലയാറ്റൂർ നെടുവേലി സ്വദേശി 48 കാരൻ ഗംഗാധരൻ, മകൻ ആറു വയസുകാരനായ ധാർമിക് എന്നിവരാണ് മുങ്ങി മരിച്ചത്. സാധാരണ എല്ലാവരും കുളിക്കാനിറങ്ങാറുള്ള കടവിലാണ് ഗംഗാധരൻ മകനുമായി കുളിക്കാനിറങ്ങിയത്. കുളി കഴിഞ്ഞെത്താൻ പതിവിലും വൈകിയപ്പോഴാണ് വീട്ടുകാർ അന്വേഷിച്ചിറങ്ങിയത്.
പരിസരത്തൊന്നും കാണാതെ വന്നപ്പോഴാണ് പുഴയിലും തിരഞ്ഞത്. പുഴയിൽ കണ്ടെത്തിയ ഉടനേ ഇരുവരേയും ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അപ്പോഴേക്കും ജീവനറ്റിരുന്നു. നാട്ടുകാർ പതിവായി കുളിക്കുന്ന കടവാണിതെന്നും മുമ്പ് ഇങ്ങനെ സംഭവിച്ചിട്ടിലെന്നും നാട്ടുകാർ പറയുന്നു. പൊലിസെത്തി അനന്തര നടപടികൾ സ്വീകരിച്ചു.