നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യയിൽ സമീപകാലത്ത് വരുന്ന വലിയ മാറ്റങ്ങൾ ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങൾക്ക് തിരിച്ചടിയാകുമെന്ന് സാമ്പത്തികസർവേ. ചുരുക്കം ചില വൻകിട ആഗോളകമ്പനികളുടെ നിയന്ത്രണത്തിലാണ് എ ഐ ഗവേഷണ– വികസന മേഖലകൾ. നിലവിൽ മനുഷ്യർ ചെയ്യുന്ന പരമാവധി ജോലികൾ എഐയിലേക്ക് മാറ്റാനാണ് ശ്രമം. ആദ്യഘട്ടത്തിലും മധ്യഘട്ടത്തിലുമുള്ള തൊഴിലുകളെയാകും എഐ കാര്യമായി ബാധിക്കുക. വലിയ തോതിലുള്ള തൊഴിൽ നഷ്ടത്തിന് ഇടയാകും. തൊഴിലാളികളാലും വിഭവങ്ങളാലും സമ്പന്നമായ ഇന്ത്യ പോലുള്ള വികസ്വരരാജ്യങ്ങൾക്കിത് വലിയ തിരിച്ചടിയാകും.
അസമത്വം രൂക്ഷമാകാൻ ഇത് കാരണമാകുമെന്ന് പഠനങ്ങളുണ്ട്. എഐ സാങ്കേതികവിദ്യ മൂലമുള്ള ഏത് നേട്ടത്തെയും അപ്രസക്തമാക്കുന്നതാകും അതിന്റെ ദോഷങ്ങൾ. എഐയിലേക്കുള്ള മാറ്റത്തിന്റെ ഭാരമത്രയും പേറേണ്ടി വരിക പൊതുമേഖലയാകും. എഐയുടെ അപകടസാധ്യതകൾ നയരൂപകർത്താക്കളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
ആഗോളതലത്തിൽ ഏഴരക്കോടി തൊഴിലുകളെ എഐ ബാധിക്കുമെന്നാണ് അന്താരാഷ്ട്ര തൊഴിൽസംഘടനയുടെ പഠനം. ഗോൾഡ്‌മാൻ സാക്‌സ് പറയുന്നത് 30 കോടി തൊഴിലുകൾ എഐ കാരണം അപകടത്തിലാകുമെന്നാണ്. എഐ കാരണം തൊഴിൽനഷ്ടമുണ്ടാകുന്നവരെ സംരക്ഷിക്കാൻ സംവിധാനങ്ങൾ വേണ്ടിവരും.
കുറഞ്ഞ തൊഴിൽ വൈദഗ്‌ധ്യം ആവശ്യമായ മേഖലയിലാണ് ഇന്ത്യയിലെ തൊഴിലാളികൾ ഏറെയും. ഇവരെ കൂടുതൽ വൈദഗ്‌ധ്യമുള്ള തലത്തിലേക്ക് ഉയർത്താനും സംവിധാനം കണ്ടെത്തണം. തൊഴിൽ നഷ്ടപ്പെടുന്നവരെ സംരക്ഷിക്കുംവിധം ഇൻഷുറൻസ് പദ്ധതികളെക്കുറിച്ചും ആലോചിക്കണം– എഐ കാലത്തെ തൊഴിൽ: പ്രതിസന്ധിയോ, ഊർജമോ എന്ന ഭാഗത്തിൽ സർവേ നിർദേശിച്ചു.