കെ സുധാകരനു പകരം പുതിയ കെ പി സി സി പ്രസിഡൻ്റ് ഉടനുണ്ടാകുമെന്ന് ഡെൽഹിയിൽ നിന്ന് സൂചനകൾ. അത് ക്രിസ്തീയ സമുദായത്തിൽ നിന്നാകണം എന്നാണ് പാർട്ടി താല്പര്യം. നേതൃമാറ്റ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ആദ്യഘട്ടത്തിൽ കേരളത്തിലെ മിക്ക നേതാക്കളുമായും ദീപദാസ് മുൻഷി വെവ്വേറെ സംസാരിച്ചിരുന്നു. ഇതിൽ നിന്ന് ഉണ്ടായ ചില അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാവും പുതിയ പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുക എന്നാണ് അറിയുന്നത്.
ബെന്നി ബെഹനാൻ, സണ്ണി ജോസഫ്, ആൻ്റോ ആൻ്റണി, റോജി എം ജോൺ എന്നിവരുടെ പേരുകൾക്കാണ് നിലവിൽ മുൻ തൂക്കം. മുതിർന്ന നേതാക്കളെല്ലാം തന്നെ സുധാകരനെ മാറ്റണമെന്ന അഭിപ്രായം പറഞ്ഞതായാണ് അറിയുന്നത്. അടൂർ പ്രകാശിന്റെ പേര് പറഞ്ഞുവെങ്കിലും നിലവിൽ അതേ സമുദായത്തിൽ നിന്നുള്ള ആളാണ് പ്രസിഡൻ്റ് എന്ന നിലക്ക് പ്രകാശിനെ ഒഴിവാക്കി.
ഇനിയും പ്രസിഡൻ്റ് സ്ഥാനത്ത് നിൽക്കാൻ താനില്ലെന്ന നിലപാടാണ് കെ സുധാകരൻ്റെതെന്നും സുധാകരനോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നു. രാഹുൽ ഗാന്ധി സുധാകരൻ്റെ കൂടി അഭിപ്രായം കേട്ട ശേഷമാകും പുതിയ പ്രസിഡൻ്റിനെ പ്രഖ്യാപിക്കുക. പ്രതിപക്ഷ നേതാവിനെതിരേയും ചിലർ മുറവിളി കൂട്ടുന്നുണ്ടെങ്കിലും ഉടൻ വി ഡി സതീശനെ മാറ്റാൻ സാധ്യതയില്ല. എന്നാൽ അദ്ദേഹത്തിൻ്റെ ചില രീതികളോട് പൊതുവായ അഭിപ്രായ വ്യത്യാസമാണ് മിക്കവർക്കുമുള്ളത്. അതിൻ്റെ ഭാഗമായി തന്നെയാണ് രമേശ് ചെന്നിത്തലയുടെ പേര് പല കോണുകളിൽ നിന്നും പരാമർശിക്കപ്പെടുന്നതും.