ഉടുമ്പൻ ചോലയിൽ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് മുഖത്ത് മുളകുപൊടിയെറിഞ്ഞ് അലമാരയിൽ ഇരുന്ന 18 ലക്ഷം രൂപ തട്ടിയെന്ന പരാതി അന്വേഷിയ്ക്കാൻ സംഭവസ്ഥലത്തെത്തിയ പൊലിസിന് ആദ്യമേ പന്തികേടു തോന്നിയിരുന്നു. കോമ്പയാറിലാണ് വൈകീട്ട് മൂന്നു മണിക്ക് മുഖം മൂടി ധരിച്ച രണ്ടു പേർ വന്ന് മുഖത്ത് മുളകുപൊടി വിതറി പണവുമായി കടന്നുകളഞ്ഞെന്ന പരാതിയുമായി യുവതി വന്നത്. നാട്ടുകാരിൽ നിന്ന് മാസ പിരിവു നടത്തി ഓണച്ചിട്ടി നടത്തിപ്പാണ് യുവതി ചെയ്തിരുന്നത്. അങ്ങനെ പിരിഞ്ഞു കിട്ടിയ 18 ലക്ഷം രൂപയാണ് മോഷണം പോയതെന്നും യുവതി പൊലിസിനോട് പറഞ്ഞു.
തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിൽ യുവതി പരസ്പര വിരുദ്ധമായ മൊഴികൾ നൽകി തുടങ്ങിയപ്പോഴാണ് തട്ടിപ്പാണെന്ന് പൊലിസിന് ബോധ്യമായത്. കൂടാതെ ആദ്യം 18 ലക്ഷമാണ് മോഷണം പോയതെന്ന് പറഞ്ഞ യുവതി തുകയും മാറ്റി പറയാൻ തുടങ്ങി. കൂടുൽ ചോദ്യം ചെയ്തതോടെ യുവതി കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.
ഓണ ചിട്ടിയുടെ ഭാഗമായി 18 ലക്ഷത്തോളം രൂപ താൻ പലരുടേയും കയ്യിൽ നിന്നും പിരിച്ചെടുത്തിരുന്നു. നിലവിൽ അവർക്ക് ഓണത്തിന് പണം മടക്കി നൽകാൻ കയ്യിൽ ഇല്ല. ഓണക്കാലമായതിനാൽ എല്ലാവരും പണം ചോദിക്കുകയും ചെയ്യുന്നുണ്ട്. പിടിച്ചു നിൽക്കാൻ കഴിയാതെ വന്നപ്പോഴാണ് ഇത്തരത്തിൽ ചിന്തിച്ചത്. തന്നെ ഉപദ്രവിക്കരുതെന്നും യുവതി പൊലിസിനോട് പറഞ്ഞു.
സംഭവത്തിൽ നിലവിൽ പരാതിക്കാർ ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ല. വ്യാജപരാതി നൽകിയതിന് യുവതിയെ താക്കീതു നൽകിയാണ് പൊലിസ് മടങ്ങിയത്.