ശ്രീനാരായണഗുരുദേവ ജയന്തി; ചെമ്പഴന്തിയിൽ വിപുലമായ ആഘോഷങ്ങൾ.

At Malayalam
2 Min Read

ശ്രീനാരായണ ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 170-ാമത് ശ്രീനാരായണഗുരുദേവ ജയന്തി; വിപുലമായ പരിപാടികളോടെ ചൊവ്വാഴ്ച നടക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ മൂന്ന് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ സ്റ്റേജ് കലാപരിപാടികളും ഒഴിവാക്കിയാണ് ആഘോഷങ്ങൾ നടത്തുന്നത്.

ചൊവ്വാഴ്ച രാവിലെ വിശേഷ പൂജകൾക്കും ശാന്തി ഹവനത്തിനും ശേഷം 6 മണി മുതൽ ഗുരുവിന്റെ ജന്മഗൃഹമായ വയൽവാരം വീട്ടിൽ വിശേഷാൽ പൂജയും സമൂഹ പ്രാർത്ഥനയും നടക്കും.

രാവിലെ 10ന് സംഘടിപ്പിക്കുന്ന ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽസെക്രട്ടറി സ്വാമി ഋതംഭരാനന്ദ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുൻ മന്ത്രി എം എം ഹസ്സൻ, എ എ റഹീം എം പി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് എന്നിവരും പങ്കെടുക്കും.

- Advertisement -

ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിൽ വിജയികളായവർക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ട്രോഫിയും, വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും സമ്മേളനത്തിൽ നൽകും. 11 മണിക്ക് ഗുരുപൂജയും തുടർന്ന് വിശേഷാൽ അന്നദാന സദ്യയും നടത്തും.

ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് സംഘടിപ്പിക്കുന്ന തിരുജയന്തി ഘോഷയാത്രയുടെ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. വി കെ പ്രശാന്ത് എം എൽ എയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സ്വാമി അഭയാനന്ദ, തിരുവനന്തപുരം നഗരസഭ കൗൺസിലർമാരായ ഡി ആർ അനിൽ, സ്റ്റാൻലി ഡിക്രൂസ്, ഗായത്രീദേവി എന്നിവരും പങ്കെടുക്കും. ആഘോഷക്കമ്മിറ്റി ജോയിന്റ് സെക്രട്ടറി പി മഹാദേവൻ സ്വാഗതവും ഘോഷയാത്ര സബ്കമ്മിറ്റി കൺവീനർ ജയശങ്കർ.ജെ.വി കൃതജ്ഞതയും പറയും.

വൈകുന്നേരം 6.30ന് തിരുജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം എൽ എയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അധ്യക്ഷൻ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ജയന്തി സന്ദേശവും സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം ആശംസിക്കുന്ന സമ്മേളനത്തിൽ ഷാഫി പറമ്പിൽ എം പി, കെ എസ് എഫ് ഇ ചെയർമാൻ കെ വരദരാജൻ, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ, മോഹൻദാസ് കോളേജ് ഓഫ് എൻജിനീയറിങ് ചെയർമാൻ ജി മോഹൻദാസ്, തിരുവനന്തപുരം നഗരസഭ കൗൺസിലർ ചെമ്പഴന്തി ഉദയൻ എന്നിവർ പങ്കെടുക്കും. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ അനീഷ് ചെമ്പഴന്തി കൃതജ്ഞത പറയും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment