തൊടുപുഴയിൽ റോഡിലെ വെള്ളക്കെട്ടിൽ വീണ് ഒഴുകിപോയ കാറിൽ നിന്നും യാത്രക്കാരനായ വൈദികനെ നാട്ടുകാർ രക്ഷപ്പെടുത്തി. വണ്ണപ്പുറം പഞ്ചായത്തിൽ ഉൾപ്പെട്ട മുള്ളരിങ്ങാട് – തലക്കോട് റോഡിലെ കനത്ത വെള്ളക്കെട്ടിൽപെട്ട് മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ജേക്കബ് വട്ടപ്പിള്ളി യാത്ര ചെയ്തിരുന്ന കാർ ഒഴുകി പോവുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് നിർത്താതെ പെയ്യുന്ന മഴയിൽ വ്യാപകമായ നാശമാണ് ഉണ്ടായിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു. മുള്ളരിങ്ങാട് പുഴയിൽ ക്രമാതീതമായി വെള്ളം ഉയരുകയും കരയിലുള്ള കൃഷി ഇടങ്ങളിലേയ്ക്ക് വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. വലിയ കണ്ടം, തറുതല എന്നിവിടങ്ങളിൽ നിന്ന് പുഴയോരത്ത് താമസിയ്ക്കുന്നവരെ മാറ്റി പാർപ്പിച്ചിട്ടുമുണ്ട്. മേഖലയിൽ വലിയ തോതിലുള്ള കൃഷിനാശം സംഭവിച്ചതായി പ്രദേശവാസികൾ പറയുന്നു.
