ഡെൽഹിക്കു പിന്നാലെ ഗുജറാത്തിലും കനത്ത മഴ തുടരുന്നു. ഡെൽഹിയിൽ സംഭവിച്ചതു പോലെ ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിൻ്റേയും മേൽക്കൂര തകർന്നു വീഴുകയും ചെയ്തു. യാത്രക്കാർ പുറത്തേക്കു പോകാനായും യാത്ര ചെയ്യാനുമായി വാഹനങ്ങളിൽ വന്നിറങ്ങുന്ന സ്ഥലത്താണ് മേൽക്കൂര തകർന്നു വീണത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജ്യത്ത് സമീപ കാലത്തുണ്ടായ മൂന്നാമത്തെ സംഭവമാണിത്. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ജബൽപൂരിൽ വിമാനത്താവളത്തിൻ്റെ മേൽക്കൂര പൊളിഞ്ഞ് ആദായ നികുതി വകുപ്പിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ്റെ കാറിനു മുകളിൽ പതിച്ചിരുന്നു. അന്നും ആളപായമുണ്ടായില്ല.
ഡെൽഹിക്കു പുറമേ ഗുജറാത്ത്, മധ്യ പ്രദേശ് എന്നിവിടങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. ജനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് മൂന്നു സംസ്ഥാനത്തേയും ഭരണ കൂടങ്ങൾ.
