ഓർമയിലെ ഇന്ന്, ജൂൺ 3, ജി ശങ്കരക്കുറുപ്പ്

At Malayalam
3 Min Read

ഇന്നു ഞാൻ, നാളെ നീ;
ഇന്നു ഞാൻ, നാളെ നീ
ഇന്നും പ്രതിദ്ധ്വനിക്കുന്നെന്നോർമ്മയിൽ……

അപാരതയിലേക്കുള്ള വാതിലുകളായിരുന്നു മഹാകവി ജി യുടെ കവിതകൾ. ദർശനങ്ങളുടെ വിവിധ മാനങ്ങൾ അവ കാണിച്ചുതന്നു.

കാല്പനികതയുടെയും ഇമേജിസത്തിന്റെയും മിസ്റ്റിസിസത്തിന്റെയുമൊക്കെ വക്താവായി വിശേഷിപ്പിക്കപ്പെട്ട ദാർശനികകവിയാണ്
ജി ശങ്കരക്കുറുപ്പ്. കവിയും ഉപന്യാസകാരനും അദ്ധ്യാപകനുമായിരുന്ന ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ മലയാള സാഹിത്യകാരനാണ് അദ്ദേഹം. അപാരതയിലേക്കുള്ള വാതിലുകളായിരുന്നു ജി യുടെ കവിതകളിൽ അധികവും.

1901 ജൂണ്‍ 3 ന് ശങ്കരവാര്യരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. ചെറുപ്പത്തിലെ സംസ്കൃതം പഠിച്ചു. ഹയർ പരീക്ഷ ജയിച്ച് 17-ാം വയസ്സിൽ ഹെഡ്മാസ്റ്ററായി ജോലി ലഭിച്ചു. നാലാംവയസ്സിൽതന്നെ കവിതയെഴുതിത്തുടങ്ങിയ ജി അപ്പോഴേ അറിയപ്പെട്ടുതുടങ്ങിയിരുന്നു. പിന്നീട് വൈക്കത്ത് കോൺവെന്റ് സ്കൂളിൽ ജോലിചെയ്ത ജി, പണ്ഡിത പരീക്ഷ ജയിച്ചു. പിന്നീട് സംസ്കൃത പഠനം തുടർന്നു. പലേടത്തും അധ്യാപനം. ഒപ്പം കവിതയെഴുത്തും. 1926-ൽ വിദ്വാൻപരീക്ഷ ജയിച്ച് തൃശ്ശൂർ ട്രെയ്നിങ് കോളേജിൽ ചേർന്നു. 1937-ൽ എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായി. 1956-ൽ വിരമിച്ചു. അന്വേഷണം, എന്റെ വേളി, സൂര്യകാന്തി, ഇന്നു ഞാൻ നാളെ നീ തുടങ്ങിയ പ്രശസ്ത ഭാവഗീതങ്ങളടങ്ങിയ സൂര്യകാന്തി (1933) ജി യെ അതിപ്രശസ്തനാക്കി. ടാഗോറിന്റെ കവിതകൾ ജി.യെ സ്വാധീനിച്ചിട്ടുണ്ട്. ടാഗോർക്കവിതകളുടെ പല സവിശേഷതകളും ജി ക്കും ബാധകമാണെന്ന് നിരൂപകർ പറയുന്നു. ചന്ദനക്കട്ടിൽ, കൽവിളക്ക്, ഇണപ്രാവുകൾ, ഭഗ്നഹൃദയം, ശ്വസിക്കുന്ന പട്ടട, പെരുന്തച്ചൻ തുടങ്ങിയ ആഖ്യാനകവിതകൾ പ്രശസ്തങ്ങളാണ്.

- Advertisement -

കാളിദാസന്റെ മേഘസന്ദേശത്തിന് സ്രഗ്ധരാ വൃത്തത്തിൽ തർജമ തയ്യാറാക്കിയത് – മേഘച്ഛായ – 1944 ലാണ്.

ജി ശങ്കരക്കുറുപ്പിനെതിരെ ഉയർന്ന ഏറ്റവും വലിയ വിമർശനം സുകുമാർ അഴീക്കോടിന്റേതാണ് – ‘ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു’. ഈ ഗ്രന്ഥനാമംതന്നെ ശങ്കരക്കുറുപ്പിന്റെ അന്നത്തെ ഔന്നത്യം വ്യക്തമാക്കുന്നുണ്ട്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1961-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 1963-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ അദ്ദേഹത്തിന്റെ വിശ്വദര്‍ശനം എന്ന കൃതിക്ക് ലഭിച്ചു. 1965-ല്‍ ഓടക്കുഴല്‍ എന്ന കൃതിക്കാണ് ജ്ഞാനപീഠം ലഭിച്ചത്. 1967-ല്‍ സോവിയറ്റ് ലാന്റ് നെഹ്‌റു അവാര്‍ഡ് ലഭിച്ചു. കൂടാതെ പദ്മഭൂഷണ്‍ ബഹുമതിയും ലഭിച്ചിട്ടുണ്ട്. 1978 ഫെബ്രുവരി 2 ന് അന്തരിച്ചു.

പ്രധാന കവിതകൾ : സൂര്യകാന്തി, നിമിഷം, ഓടക്കുഴൽ, പഥികന്റെ പാട്ട്, വിശ്വദർശനം, മൂന്നരുവിയും ഒരുപുഴയും, ജീവനസംഗീതം, സാഹിത്യകൗതുകം-3 വാള്യങ്ങൾ, പൂജാ പുഷ്പം. ജിയുടെ കാല്പനിക കവിതകളിലൊന്നാണ് സൂര്യകാന്തി. സൂര്യനും സൂര്യകാന്തിയും തമ്മിലുള്ള വിശുദ്ധ പ്രണയമാണ് കവിതയുടെ പ്രമേയം. സൂര്യകാന്തിയിലെ വരികൾ നോക്കൂ.

സ്നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാന്‍;
സ്നേഹത്തിന്‍ഫലം സ്നേഹം, ജ്ഞാനത്തിന്‍ ഫലം ജ്ഞാനം.
സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം,
സ്നേഹം മേ ദിക്കാലാതിവര്‍ത്തിയായ്‌ ജ്വലിച്ചാവൂ…..!

- Advertisement -

ഓടക്കുഴലും സൂര്യകാന്തിയുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെട്ടപ്പോഴും ജിയുടെ കവിതകളിൽ ചർച്ച ചെയ്യപ്പെടേണ്ടവ പിന്നെയും ബാക്കിയുണ്ടായിരുന്നു.

ഇന്നു ഞാൻ, നാളെ നീ….
1951 ൽ പുറത്തിറങ്ങിയ യാചകൻ എന്ന സിനിമയിൽ എസ് എൻ രംഗനാഥൻ സംഗീതം നൽകി വി എൻ രാജൻ ആലപിച്ചിട്ടുണ്ട്.

ഓടക്കുഴൽ പുരസ്കാരം.

- Advertisement -

1968-ൽ ജി ശങ്കരക്കുറുപ്പിന് ലഭിച്ച ജ്ഞാനപീഠ പുരസ്കാരത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവൽക്കരിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റ് മലയാളത്തിലെ ഏറ്റവും നല്ല കൃതിയ്ക്ക് നൽകുന്ന
അവാർഡാണ് ഓടക്കുഴൽ പുരസ്കാരം. 1978-നു ശേഷം ജി യുടെ ചരമദിനമായ ഫെബ്രുവരി 2-നാണ്‌ ഈ പുരസ്കാരം സമ്മാനിക്കുന്നത്. 30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഈ പുരസ്കാരം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment