പൊലിസ് അക്കാദമിയിൽ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ പൊലിസ് ഉദ്യോഗസ്ഥനെ സസ്പെൻ്റ് ചെയ്ത് ഉത്തരവിറങ്ങി. ആംഡ് റിസർവ് ഇൻസ്പെക്ടർ കെ പ്രേമനാണ് സസ്പെൻഷനിലായത്. ജീവനക്കാരിയുടെ പരാതിയിൽ ആഭ്യന്തര അന്വേഷണം നടത്തുകയും ആ റിപ്പോർട്ട് മുൻ നിർത്തി പൊലിസ് അക്കാദമി ഡയറക്ടറായ എ ഡി ജി പി പി വിജയനാണ് സസ്പെൻ്റ് ചെയ്ത് ഉത്തരവിറക്കിയത്.
ഉദ്യോഗസ്ഥയുടെ പരാതിയിൽ കഴമ്പുണ്ടന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മെയ് 18നും 22 നും ഇടയ്ക്ക് ഉദ്യോഗസ്ഥൻ പല തവണ ലൈംഗികാഭിമുഖ്യത്തോടെ സംസാരിക്കുകയും താൻ അതിലുള്ള എതിർപ്പും അതൃപ്തിയും പറഞ്ഞെങ്കിലും ഉദ്യോഗസ്ഥൻ ഇത് ആവർത്തിച്ചു കൊണ്ടിരുന്നതായും പരാതിയിൽ പറയുന്നുണ്ട്. മാനസികമായി കടുത്ത പ്രയാസത്തിലാണെന്നും തനിക്കു അക്കാഡമിയിൽ നിന്ന് സ്ഥലം മാറ്റം അനുവദിക്കണമെന്നും പരാതിക്കാരി അഭ്യർത്ഥിക്കുന്നുണ്ട്.
പ്രാഥമിക അന്വേഷണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ സസ്പെൻ്റ് ചെയ്തത്. പിന്നാലെ വകുപ്പു തലത്തിലുള്ള നടപടിയുമുണ്ടാകുമെന്നാണ് അറിയുന്നത്
