കെ എസ് ഇ ബിയുടെ പേരിൽ പിന്നെയും തെറ്റായ പ്രചരണം. ഒരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ വഴി ബിൽ അടച്ചാൽ വലിയ ഇളവുകൾ ലഭിക്കുമെന്നാണ് വാട്സ് ആപ് വഴി പ്രചരണം നടത്തുന്നത്. കെ എസ് ഇ ബി യ്ക്ക് ഇങ്ങനെയൊരു ആപ്ലിക്കേഷനോ പദ്ധതിയോ ഇല്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഉപഭോക്താക്കൾ ഇത്തരം തട്ടിപ്പുകളിൽ വഞ്ചിതരാകരുതെന്നും കെ എസ് ഇ ബി അറിയിക്കുന്നു.
പണം തട്ടിയെടുക്കാനുള്ള ആസൂത്രിതമായ നീക്കമാണിത്. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒരു കാരണവശാലും പ്രതികരിക്കരുത്. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ കെ എസ് ഇ ബിയുടെ 24 X 7 ടോൾ ഫ്രീ നമ്പറായ 1912 ൽ വിളിക്കാവുന്നതാണ്. കെ എസ് ഇ ബിയ്ക്കു സ്വന്തമായി ഉപഭോക്തൃ സേവന മൊബൈൽ ആപ്ലിക്കേഷനുണ്ട്. അതിലൂടെ വൈദ്യുതി ബില്ല് അടയ്ക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകും.
നിലവിൽ ചില ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകുന്നുണ്ട്. അത്തരം വിഷയങ്ങൾ ഉൾപ്പെടെ പൊതുജനങ്ങളെ അറിയിയ്ക്കുന്നതിന് കെ എസ് ഇ ബിയ്ക്ക് ഔദ്യോഗിക സംവിധാനങ്ങളുണ്ട്. അതിനാൽ ഇത്തരം വ്യാജപ്രചരണങ്ങളിൽ ഉപഭോക്താക്കൾ വഞ്ചിതരാകരുതെന്ന് കെ എസ് ഇ ബി അറിയിച്ചു.