കുറേ നാളായി മാറ്റത്തിൻ്റെ റൂട്ടു പിടിച്ചോടുന്ന കെ എസ് ആർ ടി സി വീണ്ടും ചില ജനപ്രിയ തീരുമാനങ്ങളെടുക്കുന്നതായി റിപ്പോർട്ട്. ഓൺലൈനായി റിസർവ് ചെയ്തവർക്ക്, സർവീസ് റദ്ദാക്കിയാൽ 24 മണിക്കൂറിനുള്ളിൽ മുടക്കിയ പണം തിരികെ കിട്ടും. ഇനി 24 മണിക്കൂറിൽ കൂടുതൽ സമയം ഇക്കാര്യത്തിനെടുത്താൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നാകും പിഴ ഈടാക്കി യാത്രക്കാരനു നൽകുക.
സർവീസ് ഷെഡ്യൂൾ ചെയ്ത സമയം വൈകിയാൽ, പ്രത്യേകിച്ച് രണ്ടു മണിക്കൂറിൽ കൂടുതൽ വൈകുകയോ ഇനി ആ സർവീസ് തന്നെ ഇല്ലാതിരിക്കുകയോ ചെയ്താൽ യാത്രക്കാരന് മുഴുവൻ തുകയും തിരികെ കൊടുക്കും.
സർവീസിനിടയിൽ ബസിന് സാങ്കേതിക തകരാർ സംഭവിയ്ക്കുകയോ എന്തെങ്കിലും അപകടം ഉണ്ടാവുകയോ ചെയ്ത് യാത്ര മുടങ്ങിയാൽ രണ്ടു ദിവസത്തിനുള്ളിൽ യാത്രക്കാർക്ക് പണം മടക്കി നൽകും. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം അതിൽ കൂടുതൽ സമയമെടുത്താൽ ആ ഉദ്യോഗസ്ഥനിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യും. ഓൺലൈൻ ടിക്കറ്റ് ഉപയോഗിക്കാൻ സാധിക്കാതെ വന്നാൽ അതേ വാഹനത്തിൽ തന്നെ കണ്ടക്ടറുടെ പക്കൽ നിന്നും സാധാരണയുള്ള ടിക്കറ്റു വാങ്ങി യാത്ര ചെയ്യാം. ആ സാഹചര്യത്തിൽ അടിസ്ഥാന നിരക്കിൻ്റെ 50% റീഫണ്ടും ചെയ്യും.
ഇത്തരത്തിൽ യാത്രക്കാരോട് പരമാവധി നീതി പുലർത്തിക്കൊണ്ടുള്ള സേവനം വരും നാളുകളിൽ നൽകാനാണ് കെ എസ് ആർ ടി സി ലക്ഷ്യം വക്കുന്നത്.
