ഇങ്ങനെ പോയാൽ നമ്മളെന്തു സെയ്യും മല്ലയ്യാ !

At Malayalam
2 Min Read

കേരളത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ട് എന്നത് പുതിയ കാര്യമേയല്ല. പക്ഷേ, ഈ ജൂൺ മാസം നമ്മൾ എങ്ങനെ പിടിച്ചുനിൽക്കുമെന്നതാണ് ഇപ്പോൾ പൊതുവായി നടക്കുന്ന ചർച്ച. കാരണങ്ങൾ പലതാണ്. മെയ് 31 ന് ഏകദേശം ഇരുപതിനായിരത്തോളം സർക്കാർ ജീവനക്കാർ വിരമിക്കും. അവരുടെ ആനുകൂല്യങ്ങൾ എല്ലാം നൽകിയേ മതിയാകൂ. ഏകദേശം ഏഴായിരം കോടി രൂപ ആ ഇനത്തിൽ മാറ്റി വയ്ക്കണം. ഇതിനു പുറമേ ശമ്പളം, പെൻഷൻ എന്നിവയ്ക്കുള്ള ‘വഹ’ വേറേയും കണ്ടെത്തണം.

സാമൂഹ്യ സുരക്ഷാ പെൻഷൻ നാട്ടുകാരുടെ അവകാശമല്ലന്നൊക്കെ പറഞ്ഞിട്ടുണ്ടങ്കിലും അതിപ്പോ ഏതാണ്ട് അവകാശം പോലെയൊക്കെയാണ്, അല്ലെങ്കിൽ ആയിട്ടുണ്ട്. അതാണല്ലോ ചിലർ പരസ്യമായി അതിനു വേണ്ടി സമരരംഗത്തിറങ്ങിയതും അവർക്കു പിന്തുണയുമായി രാഷ്ട്രീയ പാർട്ടികളടക്കം പിറകേ ചെന്നതും. അടിയന്തരമായി ആ ഇനത്തിലുള്ള കുടിശിക എങ്കിലും കൊടുത്തു തീർക്കേണ്ടി വരും. അതിനുള്ള കോപ്പും കണ്ടെത്തിയേ മതിയാകൂ. ഇതിനും പുറമേ, അടുത്ത രണ്ടു കൊല്ലം കൂടി കാലാവധിയുള്ള സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കേണ്ടുന്ന സമയം കൂടിയാണിത്. അതിൽ വീഴ്ച വരുത്താനാകില്ല.

കേന്ദ്രത്തിലോട്ട് നോക്കി നോക്കി കണ്ണു കഴയ്ക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. അതിൻ്റെ പേരിലൊരു കേസും കിടപ്പുണ്ട്. കിട്ടാനുള്ളതോ കിട്ടുന്നില്ലന്നു മാത്രമല്ല, പഴയ കുടിശിക എങ്കിലും തന്നാൽ മതിയായിരുന്നു എന്നതാണ് അവിടത്തെ അവസ്ഥ. കേന്ദ്രത്തിൽ ആര് എന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമാകുമെങ്കിലും അതുവരെയെങ്കിലും പിടിച്ചു നിൽക്കണ്ടേ.

തൽകാലം പിടിച്ചു നിന്നാലും പ്രതിസന്ധിക്കൊരു ശാശ്വത പരിഹാരം വേണ്ടേ എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു ചോദ്യം. കടമെടുത്ത് കടമെടുത്ത് എത്ര നാൾ ? ജീവനക്കാരുടെ ശമ്പളം, വിരമിച്ചവരുടെ പെൻഷൻ, വിവിധ തരത്തിലുള്ള ക്ഷേമ പെൻഷനുകൾ, ദൈനം ദിന ചെലവുകൾ, വികസന പ്രവർത്തനങ്ങൾക്കുള്ള പണം തുടങ്ങിയ വിഷയങ്ങളിൽ ശാശ്വത പരിഹാരം കണ്ടെത്തിയേ മതിയാകു.

- Advertisement -

2024 ൽ ഇരുപതിനായിരം പേർ വിരമിക്കുന്നു. കഴിഞ്ഞ വർഷം11, 800 പേരായിരുന്നു. വരും വർഷങ്ങളിൽ വിരമിക്കലുകളുടെ എണ്ണം ക്രമാനുഗതമായി കൂടിക്കൊണ്ടിരിക്കും. ഇപ്പോൾ വിരമിക്കുന്നവരുടെ ആനുകൂല്യങ്ങൾ ഘട്ടംഘട്ടമായി കൊടുക്കും എന്നൊക്കെ പറഞ്ഞു കേൾക്കുന്നുണ്ട്. അത് ശരിയാണോ ആണെങ്കിൽ തന്നെ എത്രത്തോളം പ്രായോഗികമാണ്, ജീവനക്കാർ അതിനു വഴങ്ങുമോ തുടങ്ങിയ ചോദ്യങ്ങളുമുയരുന്നുണ്ട്. ഏതായാലും വരും ദിവസങ്ങളിൽ നിർണായകമായ തീരുമാനങ്ങൾ സർക്കാർ കൈക്കൊള്ളും എന്നാണ് പ്രതീക്ഷ; എന്തായാലും തീരുമാനങ്ങൾ എടുത്തല്ലേ മതിയാകു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment