രാജസ്ഥാനിലെ ബെൻസ്വാര മണ്ഡലത്തിലെ കോൺഗ്രസ് പ്രചാരണം കണ്ട് മൂക്കത്തു വിരലു വച്ച് നില്പാണ് വോട്ടർമാർ . തങ്ങളുടെ സ്ഥാനാർത്ഥിക്ക് ഒരു കാരണവശാലും വോട്ടു ചെയ്യരുതെന്നുള്ള പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ വീടുവീടാന്തരം കയറിയുള്ള അഭ്യർത്ഥനയിൽ പകച്ചു നിൽക്കുകയാണ് നാട്ടുകാർ.
തെരഞ്ഞെടുപ്പു വന്നപ്പോൾ കോൺഗ്രസ് നേതാവായ അരവിന്ദ് ദാമോദറിനെ സ്ഥാനാർത്ഥിയായി പ്രഖാപിക്കുകയും അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തു . മികച്ച രീതിയിലുള്ള പ്രചാരണത്തിന് ബെൻസ്വാര മണ്ഡലം കേന്ദ്രീകരിച്ച് കോൺഗ്രസ് പ്രവർത്തകർ തുടക്കമിടുകയും ചെയ്തു. ഈ ഘട്ടത്തിലാണ് പരമ്പരാഗത ഗോത്ര വിഭാഗങ്ങൾക്ക് മേൽക്കൈയുള്ള മണ്ഡലത്തിൽ കോൺഗ്രസ് , ബി എ പി എന്ന ഗോത്രവർഗക്കാർക്കിടയിൽ സ്വാധീനമുള്ള പാർട്ടിയുമായി ബെൻസ്വാര മണ്ഡലത്തിൽ സഖ്യമുണ്ടാക്കുന്നത് . പിന്നാലെ പൊതു സ്ഥാനാർത്ഥിയായി ബി എ പി ക്കാരനായ രാജ്കുമാർ റാവത്ത് എത്തുന്നു . അരവിന്ദ് ദാമോദറാകട്ടെ തൻ്റെ സ്ഥാനാർത്ഥിത്തം പിൻവലിക്കുന്ന പ്രശ്നമേയില്ലന്ന ഉറച്ച നിലപാടുമെടുത്തു . കോൺഗ്രസ് ആകെ കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലുമായി.
കോൺഗ്രസിൻ്റെ പരമ്പരാഗത വോട്ടുകൾ അരവിന്ദ് ഭിന്നിപ്പിക്കുമെന്നും അതിലൂടെ തങ്ങൾക്കു വിജയിക്കാൻ കഴിയുമെന്നുമാണ് ഇപ്പോൾ ബി ജെ പിയുടെ കണക്കു കൂട്ടൽ . കോൺഗ്രസാകട്ടെ വീടുവീടാന്തരം നടന്ന് ഞങ്ങളുടെ പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ എന്ന് അഭ്യർത്ഥിക്കുന്ന തിരക്കിലുമാണ്.