വമ്പന്‍മാര്‍ വീണു പോയ തെരഞ്ഞെടുപ്പു ഗോദകള്‍

At Malayalam
5 Min Read

ഏതു തെരഞ്ഞെടുപ്പായാലും എത്ര പേര്‍ മത്സരിച്ചാലും ജയം ഒരാള്‍ക്കൊപ്പമേ എപ്പോഴും ഉണ്ടാകൂ എന്നതാണ് വസ്തുത . അതുപോലെ , എത്ര വലിയ കൊലകൊമ്പന്‍ സ്ഥാനാര്‍ത്ഥികളും നിസാരനെന്ന് എഴുതി തള്ളിയ എതിരാളികള്‍ക്കു മുന്നില്‍ മുട്ടുമടക്കിയ സംഭവങ്ങള്‍ കൂടി തെരഞ്ഞെടുപ്പു കഥാചരിത്രത്തിന്റെ ഭാഗവുമാണ് . ജനാധിപത്യത്തിന്റെ ഉത്സവനാളുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന ഈ തെരഞ്ഞെടുപ്പു വേളയില്‍ പഴയ ചില അട്ടിമറികളുടെ നാള്‍ വഴികളിലൂടെ ഒന്നു നടന്നു പോയാല്‍ വിസ്മയിപ്പിക്കുന്ന സംഭവങ്ങള്‍ കാണാനാകും .

ചിറയിന്‍കീഴ് മണ്ഡലത്തില്‍ ( ഇപ്പോള്‍ കുറേ ഭാഗങ്ങള്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ) തിരുവിതാംകൂര്‍ – കൊച്ചി രാജ്യത്തെ മുന്‍ പ്രധാനമന്ത്രിയായിരുന്ന പറവൂര്‍ ടി കെ നാരായണപിള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച 1952 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിപ്പിയ്ക്കുന്നതായിരുന്നു . കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവനേതാവും അഭിഭാഷകനുമായ വി പരമേശ്വരന്‍ നായരായിരുന്നു എതിരാളി . പെട്ടി പൊട്ടിച്ചപ്പോള്‍ മുന്‍ പ്രധാനമന്ത്രി പൊട്ടി . പരമേശ്വരന്‍ നായര്‍ 16,904 വോട്ടുകള്‍ക്ക് ടി കെ എന്ന തലയെടുപ്പുള്ള നേതാവിനെ തറപറ്റിച്ചു .

- Advertisement -

ആര്‍ എസ് പി യുടെ നെടുംതൂണായ ശ്രീകണ്ഠന്‍ നായര്‍ 1957 ല്‍ കൊല്ലത്തു നിന്നു ജനവിധി തേടുന്നു . എതിര്‍ ഭാഗത്ത് ചിറയിന്‍കീഴില്‍ 1952 ല്‍ പറവൂര്‍ ടി കെ നാരായണപിള്ളയെ തോല്‍പ്പിച്ച അതേ വി പരമേശ്വരന്‍ നായര്‍ എത്തുന്നു . വോട്ടെണ്ണിയപ്പോള്‍ ശ്രീകണ്ഠന്‍ നായരെന്ന അതികായനെ മുട്ടിലടിച്ചു വീഴ്ത്തിയിരിക്കുന്നു പരമേശ്വരന്‍ നായര്‍ . സംസ്ഥാന തെരഞ്ഞെടുപ്പു ചരിത്രത്തിലെ വമ്പന്‍ അട്ടിമറികളിലൊന്നായി ഇന്നും അത് നിലനില്‍ക്കുന്നു .

ശ്രീകണ്ഠന്‍ നായരുടെ കൊല്ലം വീഴ്ചയോളം പോന്ന മറ്റൊരു അട്ടിമറി പിന്നെ കേരളം കണ്ടത് 1971 ലെ തെരഞ്ഞെടുപ്പിലാണ് . സാക്ഷാല്‍ എ കെ ജി വിജയിച്ച കാസര്‍ഗോഡ് മണ്ഡലത്തില്‍ , കേരളത്തിലെ എക്കാലത്തേയും ജനകീയനായ ഇ കെ നായനാര്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നു . നായനാര്‍ക്കെതിരെ രാമചന്ദ്രന്‍ കടന്നപ്പള്ളിയെന്ന യൂത്തനായ കോണ്‍ഗ്രസുകാരന്‍ മത്സരിക്കുന്നു എന്നറിഞ്ഞവര്‍ മൂക്കത്ത് വിരലു വച്ചു പോയി . പാവം പയ്യനെ കൊല്ലാന്‍ കൊടുത്തു എന്നുവരെ പറഞ്ഞവരുണ്ട് . പറയാന്‍ മതിയായ കാരണമുണ്ടുതാനും . 1,19,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനു തൊട്ടുമുമ്പ് എ കെ ജി വിജയക്കൊടി നാട്ടിയ മണ്ഡലം . പോരാത്തതിന് ജനസമ്മതിയില്‍ മുമ്പനായ നായനാര്‍ക്കു മുന്നില്‍ എലുമ്പനായ പയ്യന്‍ ഒടിഞ്ഞു നുറുങ്ങിയതു തന്നെ . പെട്ടി തുറന്നപ്പോ കണ്ടു നിന്നവര്‍ ഞെട്ടി . രാമചന്ദ്രന്‍ കടന്നപള്ളി എന്ന പയ്യന്‍ , ഇ കെ നായനാര്‍ എന്ന സിംഹത്തെ ഓടിച്ച് ഗുഹയില്‍ കയറ്റിയിരിക്കുന്നു . അതും 28,404 വോട്ടുകളുടെ വ്യക്തതയുള്ള ഭൂരിപക്ഷത്തില്‍ . ഞെട്ടിയവരുടെ കൂട്ടത്തില്‍ , ഇന്നത്തെ ഇടതു സര്‍ക്കാരില്‍ അംഗമായ കടന്നപ്പള്ളിയുമുണ്ടായിരുന്നു പോലും .

കാലം 1980 . തലസ്ഥാന മണ്ഡലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തലയെടുപ്പുള്ള മുതിര്‍ന്ന നേതാവ് എം എന്‍ ഗോവിന്ദന്‍ നായരെ എതിരിടാന്‍ ഒരു ചെറുപ്പക്കാരന്‍ എത്തുന്നു . കോണ്‍ഗ്രസുകാരനായ എ കെ നീലലോഹിതദാസന്‍ നാടാര്‍ . എം എന്‍ അന്നേറ്റുവാങ്ങിയത് ചില്ലറപ്പെട്ട തോല്‍വിയൊന്നുമല്ല . 1,07,057 വോട്ടുകള്‍ക്കു തോറ്റു പോയി എം എന്‍ . ആ തോല്‍വിക്കു മറുപടി പറയാന്‍ പോലും നേതാക്കള്‍ക്കായില്ല .

- Advertisement -

വക്കം പുരുഷോത്തമന്‍ എന്ന സമുന്നതനായ കോണ്‍ഗ്രസ് നേതാവിനെതിരെ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക തന്നെ എതിരാളികള്‍ക്ക് അതീവ ശ്രമകരമായ കാലം . ആലപ്പുഴ മണ്ഡലത്തില്‍ രണ്ടു തവണ വിജയിച്ചു കഴിഞ്ഞ് ഹാട്രിക്കടിയ്ക്കാന്‍ 1991 ല്‍ വക്കം നില്‍ക്കുന്നു . സി പി എം ന്റെ സ്ഥാനാര്‍ത്ഥിയുടെ പേര് ടി ജെ ആഞ്ചലോസ് . പ്രചരണ വഴികളില്‍ ആഞ്ചലോസിനെ കണ്ട വക്കം സഹതാപത്തോടെ ആ ചെറുപ്പക്കാരനു കൈ കൊടുത്തു . 14,075 വോട്ടുകള്‍ക്ക് വക്കത്തിന്റെ കോട്ട പൊളിച്ച് ആഞ്ചലോസ് ചുവന്ന പതാക നാട്ടിയപ്പോള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വച്ച് വക്കം , ആഞ്ചലോസിന് വീണ്ടും കൈ കൊടുത്തിട്ട് തിരിഞ്ഞു നടന്നു .

- Advertisement -

കണ്ണൂര്‍ ലോക്സഭാ മണ്ഡലം ഇടയ്ക്കിടെ വലുതും ചെറുതുമായ അട്ടിമറികള്‍ക്കു വേദിയാകാറുണ്ട് . ഒന്നിനു പിറകേ ഒന്നായി അഞ്ചു തവണ കണ്ണൂരില്‍ നിന്നും പാര്‍ലമെന്റു കയറിയ മറ്റൊരു അതികായന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ നേരിടാന്‍ 1999 ല്‍ സി പി എം ഒരു എസ് എഫ് ഐ നേതാവിനെ കൊണ്ടു വിട്ടു . എ പി അബ്ദുള്ളക്കുട്ടി എന്നാണ് പേര് . പേരിലെ കുട്ടി വച്ചു തന്നെ എതിരാളികള്‍ ആക്ഷേപിച്ചു . വോട്ടെണ്ണലില്‍ കുട്ടി ആരാന്ന് കണ്ണൂരുകാര്‍ കണ്ടു . എതിരാളിയേക്കാള്‍ 10,247 വോട്ടുകളുടെ കുറവുണ്ടായപ്പോള്‍ മുല്ലപ്പള്ളി , പതിയെ തലകുനിച്ചു വീട്ടിലേക്കുമടങ്ങി . പിറ്റേ ദിവസത്തെ വര്‍ത്തമാനപത്രങ്ങളില്‍ വെണ്ടയ്ക്ക നിരന്നു . അബ്ദുള്ള കുട്ടി അത്ഭുത കുട്ടിയായി എന്ന് .

തല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പ്രൊഫ: പിജെ കുര്യന് 1999 ല്‍ ഇടതു പിന്തുണയോടെ മത്സരിച്ച കെ ഫ്രാന്‍സിസ് ജോര്‍ജ് പണി കൊടുത്തതും ചരിത്ര താളുകളിലുണ്ട് . കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളിലൊരാളായ മികച്ച പ്രതിച്ഛായ ഉള്ള വി എം സുധീരനെ 2004 ല്‍ ഇടതു സ്ഥാനാര്‍ത്ഥിയായി വന്ന ഡോ. കെ എസ് മനോജ് ആലപ്പുഴയില്‍ മലര്‍ത്തിയടിച്ചതും മറ്റൊരു തെരഞ്ഞെടുപ്പു കൗതുകം .

ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ സിറ്റിങ് എം പിയായ പി കെ ബിജുവിനെ പുതുമുഖം രമ്യ ഹരിദാസ് 1,58,968 വോട്ടുകള്‍ക്ക് പിന്നിലാക്കിയപ്പോള്‍ കേരളത്തില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥി നേടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായി അതു മാറി .

ഒരേ കുടുംബത്തിലെ രണ്ടു പേരെ , അതും അച്ഛനെയും മകനെയും പരാജയപ്പെടുത്തിയെന്ന ക്രെഡിറ്റ് സി പി ഐ നേതാവും മുന്‍ കൃഷിമന്ത്രിയുമായിരുന്ന വി വി രാഘവന് സ്വന്തം . ലീഡര്‍ എന്ന പേര് മറ്റാര്‍ക്കും ഇനിയും വിട്ടുകൊടുത്തിട്ടില്ലാത്ത കെ കരുണാകരനും മകന്‍ കെ മുരളീധരനുമാണ് വി വി രാഘവന്റെ ജനപ്രീതിയ്ക്കു മുന്നില്‍ തകര്‍ന്നു പോയത് . തൃശൂര്‍ പാര്‍ലമെന്റു മണ്ഡലത്തില്‍ 1996 ല്‍ കെ കരുണാകരനും 1998 ല്‍ കെ മുരളീധരനും രാഘവനു മുന്നില്‍ തോറ്റു പിന്‍ മാറേണ്ടി വന്നു . 2024 ലെ പാര്‍ലമെന്റു തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ തൃശൂരില്‍ ഒരിക്കല്‍ കൂടി ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ് . അട്ടിമറികള്‍ തെരഞ്ഞെടുപ്പു വഴികളിലെ ഇമ്പമുള്ള , കൗതുകമുള്ള കാഴ്ചകളാണ് . കാത്തിരിക്കാം പടിയ്ക്കലെത്തിയ ഈ തെരഞ്ഞെടുപ്പിന്റെ കൗതുക കാഴ്ചകള്‍ക്കായി .

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment