റഷ്യയിലെ യുദ്ധത്തില്‍ പരുക്കേറ്റ മലയാളികളിൽ രണ്ടുപേര്‍, അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് സെബാസ്റ്റ്യനും പൊഴിയൂര്‍ സ്വദേശി ഡേവിഡ് മുത്തപ്പനും മോസ്കോയിലെ ഇന്ത്യൻ എംബസിയിലെത്തി. ഇവരെ ഉടൻ നാട്ടിലേക്കു കൊണ്ട് വരും. പാസ്പോര്‍ട്ട് നഷ്ടപ്പെട്ട ഇവര്‍ക്കു താല്‍ക്കാലിക യാത്രാരേഖകള്‍ നല്‍കും. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ
ഇവർ രണ്ട് പേരും കൂടാതെ വിനീത് സിൽവ, ടിനു എന്നീ മലയാളികളും തൊഴിൽ തട്ടിപ്പിന് ഇരയായി യുക്രെയ്‌നിൽ യുദ്ധം ചെയ്യാനുള്ള റഷ്യൻ സൈന്യത്തിനൊപ്പം അകപ്പെട്ടിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. യുദ്ധത്തിൽ വച്ച് പ്രിൻസിനു മുഖത്ത് വെടിയേൽക്കുകയും ഡേവിഡിന്റെ കാൽ മൈൻ സ്ഫോടനത്തിൽ തകരുകയും ചെയ്തു.
ജനുവരി 3നാണ് ആർമി സെക്യൂരിറ്റി ഹെൽപർ ജോലിക്കായി ഇവർ റഷ്യയിലേക്ക് പോയത്. 1.95 ലക്ഷം രൂപ ശമ്പളമായി വാഗ്ദാനം ചെയ്താണ് ഏജന്‍റുമാർ ഇവരെ റഷ്യയിലെത്തിച്ചത്. തുടർന്ന് യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ നിയോഗിക്കുകയായിരുന്നു. ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത കേസിൽ 3 മലയാളികളടക്കം 19 പേർക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്.
