എയർ കണ്ടീഷൻ ഇല്ലാത്ത ട്രെയിനിൽ സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കാവും എന്ന പ്രതീക്ഷ നടപ്പായില്ല. നിരക്ക് കുറയ്ക്കാതെ വന്ദേഭാരതിന്റെ സ്ളീപ്പർ നോൺ എ.സി. ട്രെയിൻ ഇന്ന് സർവ്വീസ് തുടങ്ങും. എക്സ്‌പ്രസ് ട്രെയിനുകളേക്കാൾ 17% അധികമാണ് നിരക്ക്. വന്ദേസാധാരൺ എന്നായിരുന്നു ആദ്യ പേരെങ്കിലും സർവ്വീസ് അമൃത് ഭാരത് എന്ന പേരിലാണ്. ഡൽഹിയിൽ നിന്ന് അയോദ്ധ്യ വഴി ബീഹാറിലെ ദർഭംഗയിലേക്കും കൊൽക്കത്തയിലെ മാൾഡയിൽ നിന്ന് ബാംഗ്ളൂരിലേക്കുമാണ് ആദ്യസർവ്വീസുകൾ.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. വന്ദേഭാരത് പോലെ മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയുണ്ട്. എക്സ്‌പ്രസ് ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് സിറ്റിംഗ് നിരക്ക് 15കിലോമീറ്ററിന് 30 രൂപ മുതൽ 5000കിലോമീറ്ററിന് 811 രൂപ വരെയാണെങ്കിൽ അമൃത് ഭാരതിൽ 35 മുതൽ 933 വരെയാണ്. സ്ളീപ്പർ ക്ളാസിൽ എക്സ്‌പ്രസ് നിരക്ക് 40 മുതൽ 1277 വരെയാണ്. അമൃത് ഭാരതിൽ 46മുതൽ 1469 വരെയാണ്. ബുക്കിംഗ് ചാർജ്ജും ജി.എസ്.ടി.യും നൽകണം.
വന്ദേഭാരതിനെപ്പോലെ ടിക്കറ്റിനൊപ്പം ഭക്ഷണമില്ല.1,800 പേർക്ക് യാത്ര ചെയ്യാവുന്ന അമൃത് ഭാരതിന് 22 കോച്ചുകളാണുള്ളത്. 12 എണ്ണം സെക്കൻഡ് ക്ലാസ് 3 ടയർ സ്ലീപ്പർ. എട്ടെണ്ണം ജനറൽ കമ്പാർട്ട്‌മെന്റുകൾ. രണ്ട് ഗാർഡ് കമ്പാർട്ട്‌മെന്റുകളും. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച അമൃത് ഭാരത് ട്രെയിനുകളുടെ മികവ് അതീവസുരക്ഷാ സൗകര്യങ്ങളാണ്.