പൈതൃകം, ഭൂപ്രകൃതി, ഭക്ഷണം, സാഹിത്യം തുടങ്ങി വിവിധ മേഖലകളിൽ പേരുകേട്ട കോഴിക്കോട് ഇപ്പോൾ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) റിപ്പോർട്ടിൽ നഗരം പത്താം സ്ഥാനത്താണ്. ഈ വിഭാഗത്തിൽ ആദ്യ പത്തിൽ ഇടം നേടിയ സംസ്ഥാനത്തെ ഏക നഗരമാണ് കോഴിക്കോട്. 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള 19 നഗരങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്കിങ്.
കൊൽക്കത്തയാണ് സൂചികയിൽ ഒന്നാമത്. പൂനെ (മഹാരാഷ്ട്ര), ഹൈദരാബാദ് (തെലങ്കാന) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കുറ്റകൃത്യങ്ങളുടെ എണ്ണം, കേസുകളുടെ രജിസ്ട്രേഷൻ, അറസ്റ്റ്, കുറ്റപത്രം സമർപ്പിക്കൽ, വിചാരണ പൂർത്തിയാക്കൽ എന്നിവയായിരുന്നു പ്രധാന മാനദണ്ഡങ്ങൾ. സൈബർ കുറ്റകൃത്യങ്ങൾ, മോഷണം, ലൈംഗിക ചൂഷണം, ആത്മഹത്യാ നിരക്ക്, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, പട്ടികജാതി-പട്ടികവർഗക്കാർ, പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ എന്നിവയും കണക്കിലെടുത്തിട്ടുണ്ട്.
2022ൽ കോഴിക്കോട് നഗരത്തിൽ 11589 കേസുകളും ഡൽഹിയിൽ 318555 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. 45 തട്ടിക്കൊണ്ടുപോകൽ കേസുകളും 759 സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും 26 പ്രായപൂർത്തിയാകാത്തവർക്കെതിരായ അതിക്രമങ്ങളും, ഏഴ് കൊലപാതകവും ഉൾപ്പെടുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളിലും കോഴിക്കോട് പിന്നിലാണ്. 191 കേസുകൾ രജിസ്റ്റർ ചെയ്യുകയും 176 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 240 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. 2022-ൽ 45 സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തു. പട്ടികവർഗക്കാർക്കെതിരായ അക്രമത്തിന്റെ കാര്യത്തിലും നഗരം പിന്നിലാണ് (27). അതേ വർഷം തന്നെ ലഖ്‌നൗവിൽ 420 കേസുകളും ഉത്തർപ്രദേശിലെ കാൺപൂരിൽ 376 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
