പോളിയോയും അര്‍ബുദവും തളര്‍ത്തിയിട്ടും ദൃഢനിശ്ചയംകൊണ്ട് നിരവധി പേർക്ക് അക്ഷരവെളിച്ചം പകര്‍ന്ന പത്മശ്രീ കെ വി റാബിയ (58) അന്തരിച്ചു. ഏതാനും വര്‍ഷങ്ങളായി രോഗബാധിതയായി കിടപ്പിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയാണ്.
പതിനാലാമത്തെ വയസിൽ പോളിയോ ബാധിതയായി ശരീരം തളര്‍ന്ന റാബിയ ഏറെ വെല്ലുവിളികള്‍ നേരിട്ടായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. പ്രീഡിഗ്രി പഠനത്തിനു ശേഷം വീട്ടില്‍ സാക്ഷരതാക്ലാസ് തുടങ്ങി. നാട്ടിലെ നിരക്ഷരരായ നിരവധി പേര്‍ക്ക് വീല്‍ചെയറിലിരുന്ന് അക്ഷരം പറഞ്ഞുകൊടുത്ത് അവരെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ചു. റാബിയയുടെ സാക്ഷരതാപ്രവര്‍ത്തനത്തിന് യു എന്‍ പുരസ്‌കരമടക്കം ലഭിക്കുകയും 2022 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.
1990 കളിലാണ് റാബിയ സാക്ഷരതാ പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. 1994 ല്‍ ചലനം ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ വനിതാ വികസനവും സാക്ഷരതയും ലക്ഷ്യമാക്കി സംഘടനയ്ക്ക് രൂപം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ വനിതാ രത്നം പുരസ്കാരം, സംസ്ഥാന സാക്ഷരത മിഷന്‍ പുരസ്കാരം, സീതി സാഹിബ് പുരസ്കാരം, യൂണിയന്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം, നാഷണല്‍ യൂത്ത് പുരസ്കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.
ചെറുപ്പത്തിലേ വായന ശീലമാക്കിയ റാബിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട് എന്ന ആത്മകഥയും രചിച്ചു. തിരൂരങ്ങാടി വെള്ളിലക്കാട് മൂസക്കുട്ടി ഹാജിയുടേയും ബിയാച്ചുട്ടി ഹജ്ജുമ്മയുടേയും മകളാണ്. ഭര്‍ത്താവ് : ബങ്കളത്ത് മുഹമ്മദ്.
