കലാമാമാങ്കത്തിനൊരുങ്ങി കൊല്ലം

At Malayalam
1 Min Read
62 Kerala School Kalolsavam

62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഒരുങ്ങി കൊല്ലം ജില്ല. ജനുവരി നാല് മുതല്‍ എട്ട് വരെയാണ് സ്കൂള്‍ കലോത്സവം നടക്കുക. ജനുവരി നാലിന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. നടിയും നര്‍ത്തകിയുമായ ആശ ശരതും വിദ്യാര്‍ത്ഥികളും കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം അവതരിപ്പിക്കും. വിദ്യാഭ്യാസ, തൊഴില്‍ മന്ത്രി ശിവന്‍കുട്ടി അധ്യക്ഷനാകും. വിവിധ വകുപ്പ് മന്ത്രിമാരും എംഎല്‍എമാരും നടി നിഖില വിമലും പങ്കെടുക്കും. ആദ്യ ദിവസം 23 വേദികളിലായാണ് മത്സരങ്ങള്‍. മോഹിനിയാട്ടമാണ് ആദ്യ മത്സര ഇനം. ജനുവരി 8ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയാകും.

ഗോത്രകല ഇത്തവണ കലോത്സവത്തിന്റെ ഭാഗമാകും. ഈ വര്‍ഷം പ്രദര്‍ശനമായിട്ടും അടുത്ത തവണ മത്സരയിനമായിട്ടും മംഗലംകളി ഉള്‍പ്പെടുത്തും. ഭിന്നശേഷിക്കുട്ടികള്‍ അവതരിപ്പിക്കുന്ന ശിങ്കാരിമേളം, ചെണ്ടമേളം, കളരിപ്പയറ്റ് എന്നിവയും ഉണ്ടാകും.

കൊല്ലത്ത് നാലാം തവണയാണ് കലോത്സവം നടക്കുന്നത്. കലോത്സവ ചാമ്പ്യന്മാർക്കുള്ള സ്വർണക്കപ്പ് കോഴിക്കോട് നിന്ന് ജനുവരി രണ്ടിന് യാത്ര തിരിക്കും. വിവിധയിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി മൂന്നിന് വൈകിട്ട് കൊല്ലം നഗരത്തിലെത്തുമെന്നും മന്ത്രി അറിയിച്ചു. സുരക്ഷാ സംവിധാനത്തിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും അടുത്ത തവണ കലോത്സവ മാനുവൽ പരിഷ്ക്കരിക്കു‌മെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത്തവണത്തെ കലോത്സവത്തെ ഹരിത കലോത്സവമായി മന്ത്രി പ്രഖ്യാപിച്ചു. കലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഇൻഷുറൻസ് ഏർപ്പെടുത്തി. ‌ആദ്യമായാണ് എല്ലാവർക്കും ഇൻഷുറൻസ് ഏർപ്പെടുത്തുന്നത്. കുട്ടികൾ, രക്ഷിതാക്കൾ, ഉദ്യോഗസ്ഥർ, കാണികൾ ഉൾപ്പെടെ എല്ലാവരെയും ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ ഇൻഷുറൻസാണ് ഏർപ്പെടുത്തുന്നതെന്ന് മന്ത്രി അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment