ക്യാപ്റ്റനാകാത്ത രാഷ്ട്രീയക്കാരൻ

At Malayalam
1 Min Read

ജയലളിതയും കരുണാനിധിയും ജീവിച്ചിരുന്നപ്പോള്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ ധൈര്യം കാണിച്ചയാള്‍, ഇരു നേതാക്കള്‍ക്കെതിരെയും വിമര്‍ശനത്തിന്‍റെ വിരല്‍ ചൂണ്ടിയ സിനിമക്കാരന്‍, ദ്രാവിഡ രാഷ്ട്രീയം പ്രചരിപ്പിച്ചയാൾ. ഇങ്ങനെയൊക്കെയാകും വിജയകാന്ത്‌ എന്ന രാഷ്ട്രീയക്കാരനെ കാലം ഓർത്തെടുക്കുക.

2006ല്‍ ഡിഎംഡികെ പാര്‍ട്ടി പ്രഖ്യാപിച്ച് 2011ല്‍ പ്രതിപക്ഷ നേതാവായി. എന്നാല്‍ വളര്‍ന്നതിനേക്കാള്‍ വേഗത്തില്‍ തളര്‍ന്ന ചരിത്രമാണ് വിജയകാന്തിന്‍റെ രാഷ്ട്രീയത്തിനു പറയാൻ ഉള്ളത്.

ഡിഎംകെ നേതാവ് കരുണാനിധിയുടെ വലിയ ആരാധകനായിരുന്നു വിജയകാന്ത്‌. അതുകൊണ്ട് തന്നെ രാഷ്ട്രീയം എന്നതിന് ആദ്യ കാലങ്ങളിൽ വിജയകാന്ത്‌ നൽകിയ പേര് ഡിഎംകെ എന്നായിരുന്നു. റോഡ് വികസനത്തിന്‍റെ ഭാഗമായി ചെന്നൈ കോയമ്പേടുള്ള തന്‍റെ കല്യാണമണ്ഡപം പൊളിക്കാനുള്ള തീരുമാനം ഡിഎംകെയുമായി അകലാന്‍ കാരണമായി.

ആസ്വാരസ്യങ്ങൾക്ക് ഒടുവിൽ വിജയകാന്ത്‌ ഡിഎംഡികെ എന്ന പുതിയ പാര്‍ട്ടിയ്ക്ക് രൂപം നൽകി. 2006 നിയമസഭ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി സ്ഥാനാര്‍ഥികളെല്ലാം തോറ്റെങ്കിലും വിജയകാന്ത് ജയിച്ചുകയറി. 2011ല്‍ അണ്ണാഡിഎംകെയുമായി ചേര്‍ന്ന് മത്സരിച്ചു. ജയലളിത മുഖ്യമന്ത്രിയായി. സഖ്യകക്ഷിയായ ഡിഎംഡികെയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും രണ്ടാമത്തെ ഒറ്റക്കക്ഷി എന്ന നിലയില്‍ ക്യാപ്റ്റന്‍ പ്രതിപക്ഷ നേതാവായി. ഡിഎംകെയോടുള്ള മധുരപ്രതികാരം കൂടിയായിരുന്നു അത്.

- Advertisement -

എന്നാല്‍ ജയലളിതയുമായി അധികനാള്‍ ഒത്തുപോയില്ല. നിയമസഭയില്‍ ക്യാപ്റ്റന്‍റെ വാക്കുകളുടെ മൂര്‍ച്ചയറിഞ്ഞു ഭരണപക്ഷം.

പതുക്കെ വിജയകാന്തിന്റെ സിനിമ-രാഷ്ട്രീയ ജീവിതത്തിന്റെ നിറം മങ്ങി തുടങ്ങുകയായിരുന്നു. ആഡംബര ജീവിതവും ആരോഗ്യപ്രശ്നങ്ങളും വിജയകാന്തിനെ തളര്‍ത്തി. പാര്‍ട്ടിക്ക് വിജയത്തുടര്‍ച്ചയുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു. മോശം അവസ്ഥയിലും കരുണാനിധിയുടെ ഓര്‍മകുടീരം സന്ദര്‍ശിക്കാന്‍ നിറകണ്ണുകളോടെയെത്തിയ ക്യാപ്റ്റന്‍റെ ദൃശ്യങ്ങള്‍ ഏവരുടെയും കരളലിയിപ്പിച്ചു. നിലവില്‍ ഭാര്യയും അളിയനുമാണ് പാര്‍ട്ടിയെ നയിക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment