കനത്ത മഴയിൽ തെക്കൻ തമിഴ്നാട്ടിലെ തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിൽ വെള്ളപ്പൊക്കം. തൂത്തുക്കുടി ജില്ലയിൽ ഒരാൾ മരിച്ചു. രക്ഷാപ്രവർത്തനത്തിനും ഹെലികോപ്ടറിൽ ഭക്ഷണപ്പൊതി വിതരണത്തിനും സംസ്ഥാനം വ്യോമസേനയുടെ സഹായം തേടി. നാലു ജില്ലകളിലെ പതിനായിരത്തോളെ പേർ ദുരുതാശ്വാസ ക്യാമ്പുകളിലാണ്.
ഇന്നലെ പുലർച്ചെ 1.30 വരെ തുടർച്ചയായ 15 മണിക്കൂറിനിടെ 60 സെന്റി മീറ്റർ മഴയാണ് തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂരിൽ പെയ്തത്. തിരുനെൽവേലി ജില്ലയിലെ പാളയംകോട്ടയിൽ 26 സെന്റിമീറ്റർ, കന്യാകുമാരിയിൽ 17.3 സെന്റി മീറ്റർ മഴപെയ്തു.
പാപനാശം, പെരിഞ്ഞാണി, പേച്ചിപ്പാറ ഡാമുകളിൽ നിന്ന് വെള്ളം തുറന്നുവിട്ടതോടെ തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. താമ്രപർണി നദി കരകവിഞ്ഞൊഴുകി.നാളെയും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കന്യാകുമാരിക്ക് മുകളിൽ ചക്രവാതച്ചുഴിയുടെ സാന്നിദ്ധ്യമാണ് കനത്ത മഴയ്ക്ക് കാരണം.