ആം ആദ്മി പാർട്ടിയെ ഞെട്ടിച്ച് 10 എം പിമാരിൽ ഏഴു പേരും ബി ജെ പിയിലേക്ക്. തന്നോടൊപ്പം ആറ് എം പിമാർ കൂടി പാർട്ടി വിട്ട് ബി ജെ പിയിൽ ചേരുമെന്ന് രാഘവ് ഛദ്ദയാണ് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. പഞ്ചാബിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എ എ പിക്ക് കനത്ത തിരിച്ചടിയാണ് എം പിമാരുടെ ഈ നീക്കം.
അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവരും എ എ പി വിടുന്നതായി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. സ്വാതി മാലിവാൾ, ഹർഭജൻ സിങ്, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ബി ജെ പിക്കൊപ്പം ചേരുമെന്നാണ് രാഘവ് ഛദ്ദ അവകാശപ്പെട്ടത്.
രാജ്യസഭയിലെ എ എ പി എം പിമാരുടെ മൂന്നിൽ രണ്ടു ഭാഗവും കൂറുമാറുന്നതിനാൽ അയോഗ്യതാ ഭീഷണി ഒഴിവാക്കി ബി ജെ പിയുമായി ലയിക്കാൻ കഴിയുമെന്ന് രാഘവ് ഛദ്ദ അവകാശപ്പെട്ടു. ഇതുസംബന്ധിച്ച രേഖകൾ രാജ്യസഭാ ചെയർമാന് കൈമാറിയിട്ടുണ്ട്. നിലവിൽ 10 എം പിമാരുള്ള എ എ പിക്ക് ഇതോടെ പാർലമെന്റിലെ സ്വാധീനം വലിയ തോതിൽ കുറയും. രാഘവ് ഛദ്ദയെ അടുത്തിടെ രാജ്യസഭയിലെ എ എ പി ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പകരം അശോക് മിത്തലിനെ നിയമിച്ചത് പാർട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമാക്കിയിരുന്നു.
