പി ആർ ഡി യിലെ അസിസ്റ്റന്റ് ഇൻഫോർമേഷൻ ഓഫീസർ റാങ്ക് പട്ടികയിൽ നിന്നുള്ള നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മരവിപ്പിച്ചു. പട്ടിക തയ്യാറാക്കിയതിനെതിരെ ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിലാണ് നടപടി. റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച പ്രിസം ജീവനക്കാരുടെ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റിന്റെ സാധുത ചൂണ്ടിക്കാട്ടി ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് നടപടി.
പ്രിസം പദ്ധതിക്കാരെ താൽക്കാലിക ജീവനക്കാരെന്ന പരിചയ സർട്ടിഫിക്കറ്റ് നൽകി പി ആർ ഡി പരീക്ഷയ്ക്ക് യോഗ്യരാക്കിയെന്നാണ് ആരോപണം. അതേസമയം റാങ്ക് ലിസ്റ്റ് സ്റ്റേ ചെയ്തത് പിൻവാതിൽ നിയമനം മൂലമാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു. പി എസ് സി പുറത്തിറക്കിയ ലിസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതന്റെ ബന്ധവും ഡി വൈ എഫ് ഐ നേതാവിന്റെ ഭാര്യയും അടക്കം ആളുകൾ ഇടം നേടിയിട്ടുണ്ടെന്നാണ് കെ സി വേണുഗോപാലിന്റെ ആരോപണം.
