പ്ലസ് വൺ വിദ്യാർഥിനി ആയ പെൺകുട്ടിയെ മദ്യം നൽകി മയക്കി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി തിരുവനന്തപുരം ആക്കുളം സ്വദേശി ജിഷ്ണു കെ മോഹൻ (26), രണ്ടാം പ്രതി ആക്കുളം സ്വദേശി വിഷ്ണു ആർ എന്ന കണ്ണൻ (29) എന്നിവരെ 10വർഷം കഠിനതടവിനും 15,000 രൂപ പിഴക്കും അതിവേഗ പ്രേത്യേക കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചു. പിഴ ഒടുക്കാത്ത പക്ഷം 2 വർഷം തടവ് കൂടുതലായി അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ്സ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണം എന്ന് കോടതി വിധിന്യായത്തിൽ പറയുന്നു.
2024 ജൂലൈയിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർഥിനിയും ഒന്നാം പ്രതിയുടെ അയൽവാസിയുമായ അതിജീവിതയെ അമ്പലത്തിൽ വച്ചു പരിചയപ്പെട്ട ഒന്നാം പ്രതിയുമായി സൗഹൃദത്തിലായി. ഈ സൗഹൃദം മുതലെടുത്തു ഒന്നാം പ്രതി അതിജീവിതയെയും രണ്ട് കൂട്ടുകാരികളെയും രണ്ടാം പ്രതിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവിടെ എത്തിയ പെൺകുട്ടികൾക്ക് ഇരുവരും ചേർന്ന് നിർബന്ധിച്ചു മദ്യം നൽകുകയായിരുന്നു. അതിനു ശേഷം ഒന്നാംപ്രതി അതിജീവിതയെ പീഡിപ്പിച്ചു. മറ്റു കുട്ടികൾ രണ്ടാം പ്രതിയുടെ മുറിയിലായിരുന്നു. ഇതിൽ ഒരു കുട്ടിയെ രണ്ടാം പ്രതി പീഡിപ്പിച്ചിരുന്നു. പക്ഷേ മറ്റു രണ്ടു കുട്ടികളും പ്രോസീക്യൂഷന് എതിരായി മൊഴി മാറ്റി പറഞ്ഞിരുന്നു.
എന്നാൽ കുട്ടിയുടെ മൊഴിയും മറ്റു രേഖകളും പരിശോധിച്ച കോടതി പ്രതികൾ കുറ്റക്കാരാണന്ന് കണ്ട് ശിക്ഷിക്കുകയായിരുന്നു. സംഭവ ദിവസം വൈകിട്ട് തിരികെ വീട്ടിൽ എത്തിയ കുട്ടിയിൽ മദ്യത്തിന്റെ മണവും ആസ്വസ്ഥതകളും ഉണ്ടായത്തിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആണ് മദ്യം നൽകി പീഡിപ്പിച്ച വിവരം പുറത്ത് അറിയുന്നത്. ഇതിന് മുമ്പും പ്രതികൾ കുട്ടികളെ വീട്ടിൽ വിളിച്ച് വരുത്തി മദ്യം നൽകാൻ ശ്രമിച്ചിരുന്നു.
