മലയാളത്തിന്റെ ‘വര’ പ്രസാദം. കേരളത്തിന്റെ ചിത്ര – ശിൽപ്പകലാ ചരിത്രങ്ങളുടെ ഒരു സുവർണാധ്യായമായിരുന്ന, തടിയും ലോഹവും കല്ലും സിമന്റും മണ്ണും മരവുമെല്ലാം അതിസുന്ദരമായി വഴങ്ങുന്ന, സംഗീതമറിയുന്ന, സംസ്കൃതവും വൈദ്യവും പഠിച്ച കരുവാറ്റ് മനയ്ക്കൽ വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരി.
മലയാള സാഹിത്യത്തിലെ ഉജ്ജ്വല കഥാപാത്രങ്ങളിൽ പലതും മലയാളിയുടെ മുന്നിലെത്തിയത് നമ്പൂതിരി മെനഞ്ഞ ദീർഘകായരായാണ്. വരയുടെ പരമശിവൻ എന്നു വി കെ എൻ വിശേഷിപ്പിച്ച നമ്പൂതിരിയുടെ വിരൽത്തുമ്പിൽ ചായക്കൂട്ടുകൾ മാത്രമല്ല, തടിയും ലോഹവും കല്ലും സിമന്റും മണ്ണും മരവുമെല്ലാം തന്മയത്തത്തോടെ സുന്ദരമായി വഴങ്ങി. പ്രശസ്ത നിരൂപകനായിരുന്ന എം കൃഷ്ണൻ നായർ നമ്പൂതിരിച്ചിത്രം മാതിരി സുന്ദരിയായിരുന്നു എന്നു സ്ത്രീകളെ വിശേഷിപ്പിക്കുമായിരുന്നു. എം ടിയുടെ രണ്ടാമൂഴത്തിലെ ദ്രൗപദി, വി കെ എൻ കഥകൾക്കു വരച്ച രേഖാചിത്രങ്ങൾ എന്നിവ പ്രസിദ്ധമാണ്.
1925 സെപ്റ്റംബർ 13ന് പൊന്നാനി കരുവാറ്റില്ലത്താണ് ജനനം. അച്ഛൻ പരമേശ്വരൻ നമ്പൂതിരി, അമ്മ ശ്രീദേവി അന്തർജ്ജനം. ചെറുപ്പത്തിൽ സംസ്കൃതവും കുറച്ച് വൈദ്യവും പഠിച്ചു. കുട്ടിക്കാലം മുതൽ ചിത്രങ്ങൾ വരച്ചു തുടങ്ങി. കരിക്കട്ട കൊണ്ട് തറവാട്ടു ചുമരിലും അമ്പലമുറ്റത്തെ മണലിലുമൊക്കെയായിരുന്നു വരയുടെ തുടക്കം. ആ താൽപര്യം കണ്ടറിഞ്ഞ്, പ്രശസ്ത ശിൽപിയും ചിത്രകാരനുമായ വരിക്കാശേരി കൃഷ്ണൻ നമ്പൂതിരിയാണ് മദ്രാസ് ഫൈൻആർട്സ് കോളജിലെത്തിച്ചത്. അവിടെ കെ സി എസ് പണിക്കർ, റോയ് ചൗധരി, എസ് ധനപാൽ തുടങ്ങിയ പ്രഗത്ഭരുടെ ശിഷ്യനായി. പിൽക്കാലത്ത് കെ സി എസ്, ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ചപ്പോൾ അതിനൊപ്പം പ്രവർത്തിച്ചു.

നാട്ടിലെത്തി 1960 ൽ മാതൃഭൂമിയിൽ ചേർന്നു. എം ടിയും വി കെ എന്നും അടക്കമുള്ള ഒട്ടുമിക്ക എഴുത്തുകാരുടെയും രചനകൾക്കു വേണ്ടി വരച്ചു. കലാകൗമുദിയിലും സമകാലിക മലയാളത്തിലും ജോലി ചെയ്തിട്ടുണ്ട്. തങ്ങളുടെ കഥകൾക്കും നോവലുകൾക്കും നമ്പൂതിരി തന്നെ വരയ്ക്കണമെന്ന് എം ടി അടക്കമുള്ള എഴുത്തുകാർ ആഗ്രഹിച്ചിരുന്നു.
മലയാള സാഹിത്യത്തിലെ പ്രകാശ സ്തംഭങ്ങളായ പല രചനകളും വായനക്കാരിലെത്തിയത് നമ്പൂതിരിയുടെ വരയ്ക്കൊപ്പമാണ്. എം ടി യുടെ രണ്ടാമൂഴത്തിനും വി കെ എന്നിന്റെ പിതാമഹനും പയ്യൻ കഥകൾക്കുമൊക്കെ നമ്പൂതിരി വരച്ച ചിത്രങ്ങൾ പ്രശസ്തമാണ്.
നമ്പൂതിരിയുടെ സ്ത്രീകളെ കണ്ട് ഭ്രമിച്ചു പോയിട്ടുണ്ടെന്ന് വി കെ എൻ പറഞ്ഞിട്ടുണ്ട്. പേരെടുത്ത പെയിന്റിംങ്ങുകളുമുണ്ട് അദ്ദേഹത്തിന്റേതായി. മോഹൻലാൽ അടക്കമുള്ള പ്രമുഖർ നമ്പൂതിരിയുടെ ആരാധകരാണ്. മോഹൻലാലിന്റെ ആവശ്യപ്രകാരം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അടിസ്ഥാനമാക്കി വരച്ച പെയ്ന്റിങ് പ്രശസ്തമാണ്.

അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ഉത്തരായനത്തിന്റെ കലാസംവിധാനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കളിമണ്ണിലും ലോഹത്തിലും സിമന്റിലും ധാരാളം ശിൽപങ്ങളും ചെയ്തിട്ടുണ്ട് നമ്പൂതിരി.
ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ആത്മകഥ, ആ വിരലുകളിൽ എഴുത്തും സുന്ദരമായി വഴങ്ങും എന്നു തെളിയിച്ചിട്ടുണ്ട്. പുരാണ കഥാപാത്രങ്ങൾ വരയ്ക്കുന്നതിൽ നമ്പൂതിരിയ്ക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. ജീവിതത്തിലെ ലാളിത്യവും നിർമലതയും കലയിലും പ്രതിഫലിപ്പിച്ച
മലയാളത്തിന്റെ കലാചരിത്രത്തിൽ കാലം വരച്ച സുവർണ രേഖയാണ് ആർട്ടിസ്റ്റ് നമ്പൂതിരി. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉറപ്പുള്ള വരകളുള്ളവയും കഥാപാത്രത്തിന്റെ രൂപ സവിശേഷതകൾ അറിഞ്ഞ് ഭാവങ്ങൾ നിറഞ്ഞവയുമാണ്. അദ്ദേഹത്തിന്റെ ചിത്രകലാ രീതി ധാരാളം പേർ ഇന്ന് അനുകരിക്കുന്നു.

കേരള ലളിതകലാ അക്കാദമി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 2023 ജൂലൈ 7 ന് അന്തരിച്ചു
