ഇറാനിയൻ എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ അമേരിക്കൻ നീക്കമെന്ന് റിപ്പോർട്ട്. കടലിൽ കപ്പലുകളിൽ കിടക്കുന്ന ഇറാൻ എണ്ണ ആഗോള വിപണിയിലേക്ക് എത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുക. യു എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള എണ്ണവിതരണത്തിൽ ഉണ്ടായ പ്രതിസന്ധിയും വിലക്കയറ്റവും പരിഗണിച്ചാണ് ഈ നീക്കം.
ആണവപരിപാടി, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് അമേരിക്ക മുമ്പ് ഇറാൻ എണ്ണയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നത്. ഇപ്പോൾ കടലിൽ കിടക്കുന്ന ഇറാനിയൻ എണ്ണക്കപ്പലുകളിൽ ഏകദേശം 10 കോടി ബാരൽ എണ്ണയുണ്ടെന്നാണ് കണക്ക്. ഈ സംഭരണം വിപണിയിൽ എത്തുകയാണെങ്കിൽ അടുത്ത 10 മുതൽ 14 ദിവസത്തിനുള്ളിൽ എണ്ണവിലയിൽ ഇടിവ് പ്രതീക്ഷിക്കാമെന്ന് ബെസന്റ് വ്യക്തമാക്കി. ഇസ്രയേലും യു എസും ചേർന്ന് നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമായി ഇറാൻ മാർച്ച് രണ്ടിന് ഹോർമുസ് കടലിടുക്ക് അടച്ചതോടെയാണ് എണ്ണ വിപണിയിൽ പ്രതിസന്ധി രൂപപ്പെട്ടത്.
